- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂഞ്ഞാര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുക്കരുത്; കനത്ത പരാജയം ഉണ്ടാകുമെന്ന് കെപിസിസിക്ക് പ്രാദേശിക നേതാക്കളുടെ മുന്നറിയിപ്പ്

പാലാ: പൂഞ്ഞാര്‍ നിയമസഭാ സീറ്റ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം രംഗത്ത്. സീറ്റ് വിട്ടുനല്‍കിയാല്‍ യു.ഡി.എഫിന് മണ്ഡലത്തില്‍ കനത്ത പരാജയമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം പ്രസിഡന്റുമാര്‍ കെ.പി.സി.സി നേതൃത്വത്തിന് കത്ത് നല്‍കി. ത്രികോണ മത്സരം നടക്കുന്ന പൂഞ്ഞാറില്‍ ജോസഫ് വിഭാഗത്തിന് മണ്ഡലം കമ്മിറ്റികള്‍ പോലുമില്ലാത്ത സാഹചര്യം ജയസാധ്യതയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം.
മണ്ഡലത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയ സാഹചര്യം നേതാക്കള്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമാണ് പൂഞ്ഞാറില്‍ കാഴ്ചവെച്ചത്. ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ ഭരണം നിലനിര്‍ത്തുകയും മുന്‍പ് നഷ്ടപ്പെട്ട പഞ്ചായത്തുകള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. മണ്ഡലത്തിലെ 155 പഞ്ചായത്ത് വാര്‍ഡുകളില്‍ 64 മെമ്പര്‍മാര്‍ കോണ്‍ഗ്രസിനുണ്ട്. 20 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ 13 എണ്ണത്തിലും 4 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ നാലിലും കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് വിജയിച്ചത്.നിലവില്‍ മണ്ഡലത്തില്‍ ആകെ 81 കോണ്‍ഗ്രസ് ജനപ്രതിനിധികളുണ്ട്.218 ബൂത്ത് കമ്മിറ്റികളും 10 മണ്ഡലം കമ്മിറ്റികളും സജീവമായി പ്രവര്‍ത്തനസജ്ജമാണ്.
മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ നില വളരെ പരിതാപകരമാണെന്ന് നേതാക്കള്‍ ആരോപിക്കുന്നു. നാല് പഞ്ചായത്ത് മെമ്പര്‍മാരും ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാത്രമാണ് അവര്‍ക്കുള്ളത്. പ്രവര്‍ത്തകരോ അനുഭാവികളോ ഇല്ലാത്ത ഇത്രയും ദുര്‍ബലമായ പാര്‍ട്ടിക്ക് സീറ്റ് നല്‍കുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്നും ഇത് പരാജയത്തിന് വഴിവെക്കുമെന്നും കത്തില്‍ പറയുന്നു.
ഈരാറ്റുപേട്ട മണ്ഡലം പ്രസിഡന്റ് അനസ് നാസര്‍, റോയി തുരുത്തിയില്‍ (തിടനാട്), ചാര്‍ളി അലക്‌സസ് (പൂഞ്ഞാര്‍), റോജി തോമസ് (പൂഞ്ഞാര്‍ തെക്കേക്കര), ഹരി മണ്ണുമഠം (തീക്കോയി), ജിജോ കാരയ്ക്കാട്ട് (കൂട്ടിക്കല്‍), കെ.എസ്. രാജു (മുണ്ടക്കയം), എം.സി. മാത്യു (പാറത്തോട്), സി.എ. തോമസ് (കോരുത്തോട്), റെജി അമ്പാറ (എരുമേലി) തുടങ്ങിയ പ്രാദേശിക നേതാക്കളാണ് പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ് തന്നെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.


