കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെ സൗഹൃദം നടിച്ച് യുവതികളില്‍ നിന്നും സ്വര്‍ണം കൈക്കലാക്കി മുങ്ങുന്ന യുവാവ് പിടിയില്‍. വളയം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് മലപ്പുറം കോട്ടക്കല്‍ സ്വദേശി കുണ്ടു ബസാറിലെ കുഞ്ഞിത്തൊടിയില്‍ മുഹമ്മദ് ജസീല്‍ വടകര പോലീസ് പിടിയിലായത്. നിരവധി സ്ത്രീകളെ ഇയാള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് കബളിപ്പിച്ചെന്നാണ് വിവരം. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വളയം സ്വദേശിനിയില്‍ നിന്നും പന്ത്രണ്ട് പവനോളം സ്വര്‍ണം ഇയാള്‍ കൈക്കലാക്കിയെന്നാണ് പരാതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടര്‍ന്ന് വടകരയിലെ ലോഡ്ജില്‍ എത്തിച്ച് സ്വര്‍ണം തട്ടിയെടുക്കുകയായിരുന്നു. ഇതേ യുവതിയുടെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ ബലാത്സസംഗം ചെയ്തതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

പാലക്കാട് ജില്ലയിലെ നാട്ടുകല്‍ പോലീസ് സ്റ്റേഷനില്‍ മുഹമ്മദ് ജസീലിനെതിരെ കവര്‍ച്ച കേസ് നിലവിലുണ്ട്. ഇന്‍സ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിക്കുന്ന സ്ത്രീകളെ വിവിധ ഇടങ്ങളില്‍ വിളിച്ചു വരുത്തി സ്വര്‍ണാഭരണം തട്ടുന്നതാണ് ഇയാളുടെ രീതി. നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കൂടി പൊലീസ് അന്വേഷിക്കുകയാണ്.