- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാള്‍ അണിയിച്ച് സ്വീകരിച്ചു; സമ്മാനമായി നല്‍കിയത് കസവുമുണ്ടും ശ്രീപദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന്റെ ആത്മകഥയും; ലോക് ഭവനില്‍ എത്തിയ സഞ്ജുവിനെ ആദരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ട്വന്റി 20 ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ ആദരിച്ചു. സഞ്ജുവിന്റെ നേട്ടങ്ങളില്‍ രാജ്യം, പ്രത്യേകിച്ച് കേരളം ഏറെ അഭിമാനിക്കുന്നതായി ഗവര്‍ണര്‍ പറഞ്ഞു. പ്രതിഭയും പരിശ്രമവും കൊണ്ട് ലോകക്രിക്കറ്റില്‍ കേരളത്തിന്റെ പേര് ഉയര്‍ത്തിപ്പിടിച്ച സഞ്ജു യുവജനങ്ങള്‍ക്ക് പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ട് മുന്നേറുന്ന സഞ്ജുവിന്റെ മനോഭാവം യുവതലമുറയ്ക്ക് വലിയ മാതൃകയാണ്. സമൂഹത്തില്‍ നല്ല മാതൃക സൃഷ്ടിക്കുന്ന സഞ്ജുവിന് വരുംകാലങ്ങളില്‍ ക്രിക്കറ്റില്‍ കൂടുതല്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ലോക് ഭവനില്‍ എത്തിയ സഞ്ജുവിനെ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. കസവുമുണ്ടും ശ്രീ പദ്മനാഭസ്വാമിയുടെ വിഗ്രഹവും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ആത്മകഥയായ 'പ്ലെയിംഗ് ഇറ്റ് മൈ വേ'യും ഗവര്‍ണര്‍ സമ്മാനിച്ചു. കാര്യവട്ടത്ത് ന്യൂസീലാന്‍ഡിനെതിരായ മത്സരം കാണാന്‍ കുടുംബസമേതം എത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. തന്നെക്കാളും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നത് ഭാര്യ അനഘയാണെന്നും, ഗോവ വനിതാ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന അവര്‍ സഞ്ജുവിന്റെ വലിയ ആരാധികയാണെന്നും ആര്‍ലേക്കര്‍ പറഞ്ഞു. ലോക്ഭവനില്‍ ലഭിക്കുന്ന ഈ ആദരം വലിയ അംഗീകാരമാണെന്നും ഇതെല്ലാം ഈശ്വരാനുഗ്രഹമാണെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് താരം ഫെബിനും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.


