അയോധ്യ : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ രണ്ടാം നിലയില്‍ നടക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യയിലെത്തിയ മാതാ അമൃതാനന്ദമയിയ്ക്ക് ഭക്തിനിര്‍ഭരമായ സ്വീകരണം.

ചൈത്ര നവരാത്രിയുടെയും ഹിന്ദു പുതുവര്‍ഷത്തിന്റെയും തുടക്കം കുറിക്കുന്ന മാര്‍ച്ച് 19-നാണ് രാമക്ഷേത്രത്തില്‍ ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങ്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവും പ്രതിഷ്ഠാ ചടങ്ങില്‍ പങ്കൈടുക്കും. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മാതാ അമൃതാനന്ദമയി ചടങ്ങില്‍ സംബന്ധിക്കുന്നത്.

അമൃതപുരിയില്‍ നിന്നും പ്രത്യേക ട്രെയിനില്‍ സന്യാസ ശിഷ്യരും 1200 ഓളം വരുന്ന ആശ്രമ അന്തേവാസികളോടുമൊപ്പമെത്തിയ മാതാ അമൃതാനന്ദമയിയെ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് സാംസ്‌കാരിക ഉപദേശക സമിതി അംഗമായ യതീന്ദ്ര മിശ്ര ഹാരാര്‍പ്പണം ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദികര്‍ നയിക്കുന്ന പൂജാകര്‍മ്മങ്ങള്‍ക്കൊപ്പം, ഏഴായിരത്തിലധികം അതിവിശിഷ്ട ക്ഷണിതാക്കള്‍ പങ്കെടുക്കുന്ന ശ്രീരാമയന്ത്ര പ്രതിഷ്ഠാ ചടങ്ങിന് മാതാ അമൃതാനന്ദമയിയുടെ ദിവ്യസാന്നിധ്യം സവിശേഷമായ ഒരു ആധ്യാത്മിക പരിവേഷമാണ് ശ്രീരാമ ജന്മഭൂമിയായ അയോധ്യ നഗരത്തിന് പകരുന്നത്.