തിരുവനന്തപുരം: പാചകവാതക ക്ഷാമത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. ഹോട്ടല്‍ സംഘടനകള്‍ സമരത്തിലേക്ക്. കേരളത്തിലുടനീളം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ അറിയിച്ചു. ഹോട്ടലുകളെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തി പാചകവാതകം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വ്യാഴാഴ്ച ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാര്‍ച്ച് നടത്താനും സംഘടന അറിയിച്ചു. പാചകവാതക ലഭ്യതയിലെ പ്രതിസന്ധി വ്യാപകമായതിനെ തുടര്‍ന്നാണ് സംഘടന സമരരംഗത്തേക്ക് ഇറങ്ങുന്നത്. ഉപഭോക്താക്കളെയും ഹോട്ടല്‍ വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിക്കുന്നുവെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്.