- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വ്യക്തിയല്ല പാര്‍ട്ടി തന്നെയാണ് വലുത്'; ഹൈക്കമാന്‍ഡ് തീരുമാനം എല്ലാവര്‍ക്കും ബാധകമെന്ന് എം.കെ രാഘവന്‍

ന്യൂഡല്‍ഹി: 'പാര്‍ട്ടിയാണ് വലുത്, വ്യക്തിയല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് പാര്‍ട്ടിയിലെ എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്,' നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നിലപാട് വ്യക്തമാക്കി എം.കെ രാഘവന്‍ എം.പി. സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി പാര്‍ട്ടി നേതൃത്വവുമായി അസ്വാരസ്യത്തില്‍ നില്‍ക്കുന്ന കെ. സുധാകരനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് എം.കെ രാഘവന്‍ പാര്‍ട്ടി അച്ചടക്കത്തിന് ഊന്നല്‍ നല്‍കി സംസാരിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് എം.കെ രാഘവന്‍ വ്യക്തമാക്കി. എന്നാല്‍ തോല്‍ക്കുന്ന സീറ്റുകള്‍ പിടിച്ചെടുത്ത് യു.ഡി.എഫിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 'കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്നതാണ് എന്റെ പ്രാഥമിക ലക്ഷ്യം. സ്‌ക്രീനിങ് കമ്മിറ്റിയിലോ നേതൃത്വത്തിനോ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ കത്ത് നല്‍കിയിട്ടില്ല. എന്നാല്‍, യു.ഡി.എഫിന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സീറ്റുകളുടെ എണ്ണം കൂട്ടണമെന്നും, അതിനാല്‍ തോല്‍ക്കുന്ന സീറ്റുകള്‍ ഏറ്റെടുത്ത് ജയിപ്പിക്കണമെന്നും നേതാക്കള്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്,' രാഘവന്‍ പറഞ്ഞു.
എം.പി എന്ന നിലയില്‍ ഇനിയും മൂന്ന് വര്‍ഷത്തെ കാലാവധി ബാക്കിയുള്ളതിനാല്‍ സീറ്റിനായി താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മറ്റു പരിഗണനകളേക്കാള്‍ ജയസാധ്യതയ്ക്കായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചുവരണമെങ്കില്‍ ശക്തരായ സ്ഥാനാര്‍ത്ഥികള്‍ അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കോഴിക്കോട് ജില്ലയില്‍ ദീര്‍ഘകാലമായി കോണ്‍ഗ്രസിന് എം.എല്‍.എമാരില്ലാത്ത സാഹചര്യം മാറണം. മലബാറില്‍ യു.ഡി.എഫിന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുന്ന ജില്ലയാണ് കോഴിക്കോട്. അവിടുത്തെ 13 സീറ്റുകളിലും വിജയം ഉറപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്നും, അത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡുമായി അകല്‍ച്ചയിലുള്ള കെ. സുധാകരനുമായി എം.കെ രാഘവന്‍ കൂടിക്കാഴ്ച നടത്തി. സുധാകരന്‍ മറ്റു കാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും, അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തുമോ എന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമാണെന്നും രാഘവന്‍ മറുപടി നല്‍കി. എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും അദ്ദേഹം വ്യക്തമാക്കി.


