ന്യൂഡല്‍ഹി: ഓരോ വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകളെങ്കിലും സീറ്റ് സെലക്ഷന്‍ ഫീസില്ലാതെ യാത്രക്കാര്‍ക്ക് ലഭ്യമാക്കണമെന്ന് കേന്ദ്രം വിമാനക്കമ്പനികള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം.

സീറ്റ് തിരഞ്ഞെടുക്കുന്നതിന് വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിന്‍ഡോ സീറ്റുകള്‍ക്കും മുന്‍നിര സീറ്റുകള്‍ക്കും വലിയ തുക ഈടാക്കുന്ന രീതി നിലവിലുണ്ട്. ചില വിമാനങ്ങളില്‍ ഭൂരിഭാഗം സീറ്റുകളും ഇത്തരത്തില്‍ 'പെയ്ഡ് സീറ്റുകള്‍' ആയി മാറ്റുന്നതിനെതിരെയാണ് തീരുമാനം. പശ്ചിമേഷ്യന്‍ സംഘര്‍ഷ സാഹചര്യത്തില്‍ വിമാനടിക്കറ്റ് നിരക്കുകള്‍ കൂടെ വര്‍ധിച്ചതോടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

യാത്രക്കാര്‍ക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ യാത്ര ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് ഡിജിസിഎ നേരത്തെയും വ്യക്തമാക്കിയിരുന്നു. വിമാനക്കമ്പനികള്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി സീറ്റ് തിരഞ്ഞെടുക്കലിലൂടെ നടത്തുന്ന കൊള്ളയ്ക്ക് പുതിയ നിയന്ത്രണം തടയിടും. വിമാനം ബുക്ക് ചെയ്യുന്ന സമയത്ത് 60 ശതമാനം സീറ്റുകളെങ്കിലും അധിക പണം നല്‍കാതെ തന്നെ യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.