മലപ്പുറം: അക്രമാസക്തനായ പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിന് കുത്തേറ്റു. ആക്രമണത്തില്‍ സിഐയുടെ ഇടതുകൈയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അദ്ദേഹത്തെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അദ്ദേഹം ചികിത്സയിലാണ്.

പരപ്പനങ്ങാടി കുപ്പിവളവില്‍ വെച്ച് ഇന്നലെയാണ് സംഭവം നടന്നത്. പ്രദേശത്ത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയ ഒരാളെ അനുനയിപ്പിച്ച് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സിഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. പൊട്ടിയ ഗ്ലാസ് കഷ്ണം ഉപയോഗിച്ചാണ് ഇയാള്‍ ഉദ്യോഗസ്ഥനെ കുത്തിയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ സിഐയുടെ കൈയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളില്‍ സേനയ്ക്കുള്ളില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.