- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം, എസ്എസ്എല്‍സിയില്‍ സ്മാര്‍ട്ട് ഫോണ്‍ കോപ്പിയടി; സംഭവം കാസര്‍കോട് മൊഗ്രാല്‍ സ്‌കൂളില്‍

കാസര്‍കോട്: ജില്ലയിലെ മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുപരീക്ഷാ നടത്തിപ്പിനെത്തന്നെ ഞെട്ടിക്കുന്ന ക്രമക്കേടുകള്‍ പുറത്തുവന്നു. പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിനും എസ്എസ്എല്‍സി പരീക്ഷയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ചതിനും പോലീസ് കേസെടുത്തു. സംഭവത്തില്‍ ആള്‍മാറാട്ടം നടത്തിയ ഇരുപതുകാരനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച നടന്ന പ്ലസ് ടു കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയ്ക്കിടെയാണ് വന്‍ ആള്‍മാറാട്ടം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുഹൃത്തിന് പകരം പരീക്ഷയെഴുതാനെത്തിയ കുമ്പള അഡ്യനടുക്ക ബോംബ്രാണ സ്വദേശി മുഹമ്മദ് മുക്താറാണ് (20) പിടിയിലായത്. ഹാള്‍ടിക്കറ്റിലെ ഫോട്ടോയുമായി മുക്താറിന് രൂപസാദൃശ്യം ഉണ്ടായിരുന്നതിനാല്‍ ആദ്യം അധ്യാപകര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ പരീക്ഷാ ഹാളിലെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.എസ്. ബിനിയുടെ പരാതിയില്‍ പോലീസ് മുക്താറിനെ അറസ്റ്റ് ചെയ്യുകയും പരീക്ഷയെഴുതേണ്ടിയിരുന്ന വിദ്യാര്‍ത്ഥിക്കെതിരെ കേസെടുക്കുകയും ചെയ്തു.
ഇതേ സ്‌കൂളില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് കോപ്പിയടിച്ച മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തു. അതീവ ജാഗ്രതയോടെ ഒളിപ്പിച്ച നിലയിലാണ് വിദ്യാര്‍ത്ഥിയില്‍ നിന്നും ഫോണ്‍ കണ്ടെടുത്തത്. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപിക വിദ്യാര്‍ത്ഥിയുടെ ശരീരഭാഷയില്‍ സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ഫോണ്‍ പിടികൂടിയത്. അതീവ രഹസ്യമായി ശരീരത്തോട് ചേര്‍ത്താണ് ഫോണ്‍ ഒളിപ്പിച്ചിരുന്നതെന്ന് അധ്യാപിക വ്യക്തമാക്കി.
ഒരേ സ്‌കൂളില്‍ തന്നെ പ്ലസ് ടു പരീക്ഷയില്‍ ആള്‍മാറാട്ടവും എസ്എസ്എല്‍സിയില്‍ ഹൈടെക് കോപ്പിയടിയും നടന്നത് വിദ്യാഭ്യാസ വകുപ്പ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ആള്‍മാറാട്ട കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താന്‍ പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.


