ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണ നല്‍കിയതില്‍ യൂത്ത് കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമത നീക്കം. യൂത്ത് കോണ്‍ഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഷാനു ഭൂട്ടോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഉടന്‍ നാമനിര്‍ദ്ദേശ പത്രിക കൊടുക്കുമെന്ന് ഷാനു ഭൂട്ടോ. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ആണ് നീക്കം. ജി സുധാകരനു പിന്തുണ നല്‍കിയതില്‍ പ്രതിഷേധിച്ച് കെപിസിസി ജനറല്‍ എം ജെ ജോബ് രാജി വെച്ചിരുന്നു. ജി സുധാകരന്‍ നടത്തിയ പിണറായി പുകഴ്ത്തലും അമ്പലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം ഉണ്ടാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസ് ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ മാറി. നിരന്തരമായ അവഗണന നേരിടുന്നു എന്ന് ആരോപിച്ചാണ് ജി സുധാകരന്‍ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരന്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ അഴിച്ചുവിട്ടത്. പൊളിറ്റിക്കല്‍ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് എന്നും തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ് എന്നും സുധാകരന്‍ പറഞ്ഞിരുന്നു. താന്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലര്‍ത്തി. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.