- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയില്‍ മാസപ്പിറവി കണ്ടില്ല; ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ വെള്ളിയാഴ്ച; ഒമാനില്‍ നാളെ അറിയാം

റിയാദ്: സൗദി അറേബ്യയില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടര്‍ന്ന് ഈദുല്‍ ഫിത്വര്‍ വെള്ളിയാഴ്ചയായിരിക്കും. മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി നിര്‍ദേശിച്ചതനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധയിടങ്ങളില്‍ നിരീക്ഷണം നടന്നുവെങ്കിലും ചന്ദ്രക്കല ദൃശ്യമായില്ല. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും പെരുന്നാള്‍ വെള്ളിയാഴ്ചയായിരിക്കും. അതേസമയം, ഒമാനിലെ പെരുന്നാള്‍ തീയതി വ്യാഴാഴ്ചത്തെ മാസപ്പിറവി നിരീക്ഷണത്തിന് ശേഷം തീരുമാനിക്കും
ഉമ്മുല്‍ ഖുറ കലണ്ടര്‍ പ്രകാരം വ്യാഴാഴ്ച റമദാന്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ചയായിരിക്കും ശവ്വാല്‍ ഒന്ന് എന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. സൗദിയിലെ പ്രധാന മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളായ സുദൈര്‍, തുമൈര്‍ എന്നിവിടങ്ങളില്‍ വൈകുന്നേരം മുതല്‍ നിരീക്ഷണം ആരംഭിച്ചിരുന്നു. എന്നാല്‍ ആകാശം മേഘാവൃതമായതിനാല്‍ ചന്ദ്രക്കല ദൃശ്യമായില്ലെന്ന് നിരീക്ഷകര്‍ അറിയിച്ചു.
നിലവില്‍ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും സൗദി റോയല്‍ കോര്‍ട്ടില്‍നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. റമദാന്‍ 30 പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇത്തവണ വെള്ളിയാഴ്ചയാകും പെരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുക.
ഒമാനിലും മുസ്ലിം കലണ്ടര്‍ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാല്‍ വെള്ളിയാഴ്ചയായിരിക്കും പെരുന്നാള്‍. നാളെ മാസപ്പിറവി കണ്ടില്ലെങ്കില്‍ ശനിയാഴ്ചയുമായിരിക്കും പെരുന്നാള്‍. കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ.


