പാനൂര്‍: അമ്മ പകുത്ത് നല്‍കിയ കരളുമായി ആറുമാസക്കാരി ധ്രുവിമോള്‍ പുതുജീവിതത്തിലേക്ക്. മൊകേരി കടേപ്രം കളരിപ്പറമ്പത്ത് രജിലേഷിന്റെയും ദിവ്യയുടെയും മകളാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്് വിധേയയായത്. അമ്മ ദിവ്യയാണ് കരള്‍ പകുത്ത് നല്‍കിയത്. കുഞ്ഞുമകള്‍ക്കായി അമ്മ കരള്‍ നല്‍കാന്‍ തയ്യാറായെങ്കിലും ഭാരിച്ച ചിലവ് കുടുംബത്തെ തളര്‍ത്തിയിരുന്നു. ഒടുവില്‍ പൊന്നോമനയുടെ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് കണ്ടെത്താന്‍ നാടൊന്നായി കൈകോര്‍ത്തു. 71.28 ലക്ഷം രൂപയാണ് സമാഹരിച്ചത്.

എറണാകുളം അമൃത ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകള്‍ക്കുമായി 50 ലക്ഷമാണ് ചികിത്സാസഹായ കമ്മിറ്റി ലക്ഷ്യമിട്ടത്. ധ്രുവിമോള്‍ക്കായി കൈകോര്‍ത്ത, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിനു നന്ദി പറയുകയാണു ചികിത്സാസഹായകമ്മിറ്റി.

കേരളത്തിന്റെ റിയല്‍ സ്റ്റോറിയാണ് ഇതു വെളിപ്പെടുത്തുന്നതെന്നു ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ മരവന്‍ അബൂബക്കര്‍, കണ്‍വീനര്‍ കെ.രാജു, മറ്റു ഭാരവാഹികളായ അനൂപ് അശോക്, ഹരിദാസ് മൊകേരി, നൗഫല്‍ മൊകേരി എന്നിവര്‍ അറിയിച്ചു. ദൗത്യം വിജയിപ്പിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് വലുതാണെന്നും പറഞ്ഞു.