കോട്ടയം: ബിജെപി ക്യാമ്പിലെ പടലപ്പിണക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ അഡ്വ. നോബിള്‍ മാത്യു പാര്‍ട്ടിയില്‍ തിരിച്ചെത്തി. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരസ്യമായി വെല്ലുവിളിച്ചതിന് പിന്നാലെ പുറത്താക്കപ്പെട്ട നോബിള്‍, ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ മുട്ടുമടക്കി ഖേദപ്രകടനം നടത്തിയതോടെയാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറാണ് നോബിളിനെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനമെടുത്തത്.

കാഞ്ഞിരപ്പള്ളിയില്‍ ജോര്‍ജ് കുര്യനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ആഞ്ഞടിച്ച നോബിള്‍ മാത്യു, പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീതം വെയ്പ്പുമാണ് നടക്കുന്നതെന്ന് ആരോപിച്ചിരുന്നു. 'പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിര്‍ത്തിയാണ് രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്' എന്ന നോബിളിന്റെ പ്രസ്താവന ബിജെപി കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ന്യൂനപക്ഷ മോര്‍ച്ച ദേശീയ ഉപാധ്യക്ഷന്‍ കൂടിയായ നേതാവില്‍ നിന്നുണ്ടായ ഈ പടയൊരുക്കം പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു സൃഷ്ടിച്ചത്.

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി നോബിളിനെ പുറത്താക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ വൈകിയില്ല. പത്രികാ സമര്‍പ്പണത്തിന് തിരക്ക് കൂടാനിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഈ കലാപം വോട്ട് ചോര്‍ച്ചയ്ക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞ നേതൃത്വം കര്‍ക്കശമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍, തന്റെ പ്രസ്താവനയില്‍ ഖേദം രേഖപ്പെടുത്തി നോബിള്‍ മാത്യു തന്നെ രംഗത്തെത്തിയതോടെ ബിജെപി ക്യാമ്പിലെ മഞ്ഞുരുകി. തിരഞ്ഞെടുപ്പ് ഗോദയില്‍ ഒറ്റക്കെട്ടായി നീങ്ങാനാണ് ഇപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം.