കണ്ണൂര്‍/തലശേരി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലേക്ക് എല്‍.ഡി.എഫിന്റെ പടത്തലവന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഇറങ്ങിക്കഴിഞ്ഞു. തന്റെ തട്ടകമായ ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും ജനവിധി തേടാനായി അദ്ദേഹം തലശേരി ജില്ലാ രജിസ്ട്രാര്‍ ഓഫീസിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക സമര്‍പ്പണവേളയില്‍ പ്രവര്‍ത്തകരുടെ വന്‍ സന്നാഹം പിന്തുടര്‍ന്നു.

മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത് പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാരാണ്. ഗാന്ധിഭവന്‍ ഭാരവാഹികളായ ഡോ. പുനലൂര്‍ സോമരാജന്‍, കെ. വരദരാജന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ തുക പിണറായി വിജയന് കൈമാറിയത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും പിണറായിക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് ഈ അമ്മമാര്‍ തന്നെയായിരുന്നു എന്നത് ശ്രദ്ധേയമാണ്.

ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാര്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന കരകൗശല വസ്തുക്കളും മറ്റ് ഉല്‍പ്പന്നങ്ങളും വിറ്റു കിട്ടുന്ന തുച്ഛമായ വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച തുകയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.