മലപ്പുറം: സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി മുസ്ലീം ലീഗിലുണ്ടായ തര്‍ക്കങ്ങള്‍ക്ക് താല്കാലിക ശമനം. പാര്‍ട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ മുതിര്‍ന്ന നേതാവ് അബ്ദുറഹ്‌മാന്‍ രണ്ടത്താണി, ലീഗ് ഉന്നതാധികാര സമിതിയംഗങ്ങളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ അയഞ്ഞു. തന്റെ ഭാഗത്തുനിന്നുണ്ടായ പ്രയാസങ്ങളും വേദനകളും നേതാക്കളെ ബോധ്യപ്പെടുത്തിയെന്നും അവര്‍ അത് ഗൗരവപൂര്‍വ്വം കേട്ടുവെന്നും രണ്ടത്താണി വ്യക്തമാക്കി. ഇതോടെ മലപ്പുറത്തെ യുഡിഎഫ് ക്യാമ്പുകളില്‍ നിലനിന്നിരുന്ന ആശങ്കകള്‍ക്ക് വിരാമമായി.

തിരൂരങ്ങാടിയില്‍ പി.എം.എ. സമീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെയായിരുന്നു രണ്ടത്താണിയുടെ പ്രധാന പ്രതിഷേധം. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം തേടാതെയും തങ്ങള്‍മാരെ കരുവാക്കിയുമാണ് സമീറിനെ കെട്ടിയിറക്കിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. സ്ഥാനാര്‍ത്ഥിത്വത്തിന് പുറമെ പാര്‍ട്ടിയിലെ മറ്റ് ചില ആഭ്യന്തര വിഷയങ്ങളും അദ്ദേഹം നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍, ചര്‍ച്ചകള്‍ക്ക് ശേഷം താന്‍ ആത്യന്തികമായി ഒരു മുസ്ലീം ലീഗുകാരനാണെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക പദവികളില്‍ തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

രണ്ടത്താണി പാര്‍ട്ടി വിടുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തെ ഇടത് പാളയത്തിലെത്തിക്കാന്‍ സിപിഎം സജീവമായി രംഗത്തുണ്ടായിരുന്നു. തിരൂരങ്ങാടിയിലോ താനൂരിലോ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തെ മത്സരിപ്പിക്കാനായിരുന്നു എല്‍ഡിഎഫിന്റെ ആലോചന. മുമ്പ് കെ.ടി. ജലീലിനെ അടര്‍ത്തിയെടുത്തതുപോലെ മറ്റൊരു നീക്കത്തിനാണ് സിപിഎം ശ്രമിച്ചതെങ്കിലും രണ്ടത്താണി നിലപാട് വ്യക്തമാക്കിയതോടെ ആ ശ്രമം പാളി.

സംസ്ഥാന സെക്രട്ടേറിയറ്റംഗം കൂടിയായ രണ്ടത്താണി മുന്നണി വിടുന്നത് ലീഗിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കണ്ടാണ് നേതൃത്വം അടിയന്തരമായി ഇടപെട്ടത്. കെ. സുധാകരന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചതിന് സമാനമായ അനുനയ തന്ത്രങ്ങളാണ് ലീഗും പുറത്തെടുത്തത്. തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെ ലീഗ് പ്രവര്‍ത്തകര്‍ ആവേശത്തോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് മടങ്ങുകയാണ്.