തിരുവനന്തപുരം: ലോകത്ത് ഇസ്ലാമോഫോബിയ ശക്തിപ്പെട്ടുവരികയാണെന്നും വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്‌നേഹം കൊണ്ട് പ്രതിരോധിക്കണമെന്നും പാളയം ഇമാം വി.പി. സുഹൈബ് മൗലവി. തിരുവനന്തപുരത്ത് നടന്ന ഈദ് ഗാഹില്‍ പെരുന്നാള്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ലോകം ഇന്ന് ഒരു യുദ്ധമുഖത്താണെന്നും വിട്ടുവീഴ്ചകള്‍ ചെയ്തിട്ടാണെങ്കിലും സമാധാനം പുലരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇറാന്റെ ഉപാധികള്‍ കഴിയുന്നതും അംഗീകരിച്ച് സമാധാനത്തിനുള്ള ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ഇമാം പറഞ്ഞു. ഇറാന്റെ മണ്ണിലാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകം മുഴുവന്‍ ആഗ്രഹിക്കുന്നത് യുദ്ധവിരാമമാണ്. യുദ്ധഭൂമിയിലുള്ള പ്രിയപ്പെട്ടവരെ ഓര്‍ത്ത് ഓരോ കുടുംബങ്ങളും വലിയ സങ്കടത്തിലാണ് കഴിയുന്നതെന്നും സമാധാനത്തിന്റെ പുതുപുലരിയാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെ ഞെട്ടിച്ച എപ്സ്റ്റീന്‍ ഫയലുകളെക്കുറിച്ചും ഇമാം തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. 'എപ്സ്റ്റീന്‍ ഫയലുകളിലൂടെ ലോകത്തെ വമ്പന്മാരുടെ വൈകൃതങ്ങളാണ് പുറത്തുവന്നത്. പുറമെ മാന്യന്മാരായി നടന്നവരുടെ രഹസ്യജീവിതം ഇതായിരുന്നോ എന്ന് മൂക്കത്ത് വിരല്‍ വെച്ചുപോകുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്,' അദ്ദേഹം പറഞ്ഞു. ഇത്തരം ധാര്‍മ്മിക അപചയങ്ങള്‍ക്കുള്ള ഏക പരിഹാരം ആത്മീയതയാണെന്നും മനുഷ്യന്‍ എന്ത് ഒളിച്ചുവെച്ചാലും അത് അറിയുന്ന ഒരു മഹാശക്തി ലോകത്തുണ്ടെന്ന ബോധ്യം വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഒരു മാസത്തെ വ്രതശുദ്ധിയിലൂടെ നേടിയെടുത്ത ആത്മീയ ഊര്‍ജ്ജം വരുംദിവസങ്ങളില്‍ കാത്തുസൂക്ഷിക്കണമെന്നും സാഹോദര്യത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കണമെന്നും പാളയം ഇമാം ആഹ്വാനം ചെയ്തു.