ആലുവ: വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസില്‍ 19കാരന്‍ അറസ്റ്റില്‍. അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടില്‍ സുജിത് സുരേഷിനെ (19) യാണ് ആലുവ റെയില്‍വേ പോലീസ് പിടികൂടിയത്. ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിനടുത്ത് അകപ്പറമ്പ് റെയില്‍വേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്. പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന് യുവാവ് പറഞ്ഞു.

വന്ദേഭാരതിന്റെ പുറത്തുള്ള സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയെ പിടിച്ചത്. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരേ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇന്ത്യന്‍ റെയില്‍വേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി.

ആര്‍.പി.എഫ്. ഡിവിഷണര്‍ സെക്യൂരിറ്റി കമ്മിഷണര്‍ മുഹമ്മദ് ഹനീഫിന്റെ നേതൃത്യത്തില്‍ ആലുവ ഇന്‍സ്‌പെക്ടര്‍ എ.പി. വേണു, സബ് ഇന്‍സ്‌പെക്ടര്‍ കെ.എസ്. മണികണ്ഠന്‍, വി.എ. ജോര്‍ജ്, കെ.എസ്. ഷിബു, വി.എസ്. ശരത്, കെ.ടി. ദേവദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.