ബെംഗളൂരു: മെട്രോ ട്രെയിന്‍ യാത്രയ്ക്കിടെ ഉച്ചത്തില്‍ പാട്ടുപാടി സഹയാത്രികര്‍ക്ക് ശല്യമുണ്ടാക്കിയ 11 യുവതികളുടെപേരില്‍ പോലീസ് കേസെടുത്തു. രാത്രിയിലാണ് യുവതികള്‍ ഉച്ചത്തില്‍ പാട്ടുപുടി സഹയാത്രികര്‍ക്ക് ശല്യമായി മാറിയത്. മാര്‍ച്ച് 15-ന് രാത്രിനടന്ന സംഭവത്തിലാണ് പീനിയ പോലീസ് കേസെടുത്തത്. സംഭവത്തില്‍ എല്ലാ പ്രതികളും പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പിഴ അടയ്ക്കേണ്ടിവരുമെന്ന് പോലീസ് അറിയിച്ചു.

പീനിയ സ്റ്റേഷനില്‍ രാത്രി 10.57-ഓടെയാണ് സംഭവം. യുവതികള്‍ കോച്ചിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുപാടാന്‍ തുടങ്ങിയത് മറ്റ് യാത്രക്കാര്‍ ചോദ്യംചെയ്തതോടെ യാത്രക്കാരും യുവതികളും തമ്മില്‍ രൂക്ഷമായ വാക്കേറ്റമായി. ഇതോടെ ട്രെയിന്‍ യാത്ര 20-മിനിറ്റോളം വൈകി. തുടര്‍ന്ന് സുരക്ഷാജീവനക്കാര്‍ ഇടപെട്ടാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

യുവതികള്‍ ഗൊരഗുണ്ടേപാളയ, സാന്‍ഡല്‍ സോപ്പ് ഫാക്ടറി, മഹാലക്ഷ്മി, കുവേംപു റോഡ് എന്നിവയുള്‍പ്പെടെ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ മെട്രോ സെക്യൂരിറ്റി ഓഫീസര്‍ പി. ഗജേന്ദ്ര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പീനിയ പോലീസ് കേസെടുത്തത്.