- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുമുന്നണി മൂന്നാമൂഴത്തിലേക്ക്; ലക്ഷ്യം 110 സീറ്റുകള്‍; നുണ പറയുന്നതില്‍ വി.ഡി. സതീശന്‍ നോബല്‍ സമ്മാനം നല്‍കണമെന്ന് എം.വി. ഗോവിന്ദന്‍

കണ്ണൂര്‍: കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും എല്‍.ഡി.എഫ്. മൂന്നാമൂഴത്തിലേക്ക് കടക്കുകയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഇത്തവണ 110 സീറ്റുകള്‍ പിടിച്ചെടുക്കുകയാണ് ഇടതുമുന്നണിയുടെ ലക്ഷ്യം. യു.ഡി.എഫിലെ പടലപ്പിണക്കങ്ങളും വികസനവിരുദ്ധ നിലപാടുകളും ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത പരിഹാസമാണ് എം.വി. ഗോവിന്ദന്‍ ഉയര്‍ത്തിയത്. പാലക്കാട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സതീശന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നുണ പറയുന്നതില്‍ നോബല്‍ സമ്മാനം നല്‍കണമെങ്കില്‍ അത് സതീശനായിരിക്കും. രാവിലെ മുതല്‍ രാത്രി വരെ അസംബന്ധങ്ങളും നുണകളും പ്രചരിപ്പിക്കുന്ന പ്രതിപക്ഷ നേതാവായി അദ്ദേഹം അധഃപതിച്ചുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഏഴ് സി.പി.എം. നേതാക്കള്‍ പാര്‍ട്ടി വിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന്, അഞ്ചര ലക്ഷം അംഗങ്ങളുള്ള പ്രസ്ഥാനത്തില്‍ നിന്ന് തെറ്റായ പ്രവണതകളുടെ ഭാഗമായി പുറത്തുപോകുന്നവര്‍ പാര്‍ട്ടിയെ ബാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പുറത്താക്കപ്പെട്ടവരാണോ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്നത് എന്ന് അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ പോയിക്കൊണ്ടിരിക്കുകയാണെന്നും ഇനി അവിടെ ആരും ബാക്കിയില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയതിനെക്കുറിച്ചുള്ള ചോദ്യത്തോട് 'പോട്ടെ, അയാള്‍ അവിടെ നിന്ന് തന്നെ വന്നതാണല്ലോ' എന്നായിരുന്നു ഗോവിന്ദന്റെ ലഘുവായ പ്രതികരണം. വികസന പ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായി തള്ളിപ്പറയുന്ന യു.ഡി.എഫിന് കേരളത്തിന്റെ പുതിയ നിലപാടുകളെക്കുറിച്ച് ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വികസനത്തിന് അനുകൂലമായി വിധി എഴുതുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.


