കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഏറ്റുമാനൂര്‍ മണ്ഡലത്തിലെ ട്വന്റി20 സ്ഥാനാര്‍ഥി ആതിര ഡി നായര്‍. ഉളിപ്പില്ലാതെ ക്രെഡിറ്റ് സര്‍ക്കാര്‍ അടിച്ച് മാറ്റുന്നുവെന്നും റേഷനും റോഡും എല്ലാം തന്നത് മോദി സര്‍ക്കാരണെന്നും ആതിര ഡി നായര്‍ പറയുന്നു. ട്വന്റി20യുടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് ആതിര.

കിഴക്കമ്പലം മോഡല്‍ ഏറ്റുമാനൂര്‍ കൊണ്ട് വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നു ആതിര. 2500 രൂപ ഉണ്ടെങ്കില്‍ ഒരു മനുഷ്യന് ജീവിക്കാം എന്ന് തെളിയിച്ച സ്ഥലമാണ് കിഴക്കമ്പലം. അത് തെളിയിപ്പിച്ചു കൊടുത്ത ആളാണ് സാബു ജേക്കബ്. അദ്ദേഹത്തിനൊപ്പമാണ് ഞാന്‍ നില്‍ക്കുന്നത്. അതില്‍ അഭിമാനം മാത്രമാണെന്നും പറയുകയാണ് ആതിര പറഞ്ഞു.

കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടരവര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അധ്യാപികയുമായിരുന്നു.