- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ നാലുപേരുടെ ജീവനെടുത്ത ബസ്സപകടം; ഡ്രൈവര്‍ റിയാസ് അറസ്റ്റില്‍; ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ്

ബംഗളൂരു: ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ നാല് മലയാളികളുടെ മരണത്തിനിടയാക്കിയ ദാരുണമായ ബസ്സപകടത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. അശ്രദ്ധമായി വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ബസ് ഡ്രൈവര്‍ റിയാസിനെ ചന്നപട്ടണ ട്രാഫിക് പൊലീസാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ രാമനഗര ജില്ലയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.
കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. 43 യാത്രക്കാരുമായി ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് റോഡരികിലെ കൈവരികളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ റോഡിലെ ലോഹ ദണ്ഡുകള്‍ ബസ്സിനുള്ളിലേക്ക് തുളച്ചുകയറുകയും ഇടതുവശത്തിരുന്ന യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
എതിരെ വന്ന വാഹനത്തെ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നാണ് ഡ്രൈവര്‍ റിയാസ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍, പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് വ്യക്തമായി. ഇതോടെയാണ് അശ്രദ്ധമായ ഡ്രൈവിംഗിന് ഇയാള്‍ക്കെതിരെ കേസെടുത്തത്. അപകടത്തില്‍ കണ്ണൂര്‍ സ്വദേശികളായ അബ്ദുള്‍, അലെയ്ന്‍ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ നിലവില്‍ ചികിത്സയിലാണ്.
രാമനഗര എസ്.പി. ആര്‍. ശ്രീനിവാസ് ഗൗഡയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നിലവില്‍ ചന്നപട്ടണ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. എക്‌സ്പ്രസ് വേയിലെ അമിതവേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയും തുടര്‍ച്ചയായ അപകടങ്ങള്‍ക്ക് കാരണമാകുന്നത് യാത്രക്കാര്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.


