- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മന്ത്രിസ്ഥാനത്ത് തുടര്‍ച്ച ആഗ്രഹിക്കുന്നില്ല; ജോസ് കെ മാണി മന്ത്രിയാകും'; മുന്നണി മാറ്റ വാര്‍ത്തകളില്‍ വേദനയെന്ന് റോഷി അഗസ്റ്റിന്‍

കോട്ടയം: താന്‍ മന്ത്രിസ്ഥാനത്ത് തുടര്‍ച്ച ആഗ്രഹിക്കുന്ന വ്യക്തിയല്ലെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫും ജോസ് കെ മാണിയും ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. തിരഞ്ഞെടുപ്പിന് ശേഷം ജോസ് കെ മാണി മന്ത്രിയാകുമെന്നും കേരള കോണ്‍ഗ്രസില്‍ (എം) യാതൊരുവിധ പിളര്‍പ്പും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന മുന്നണി മാറ്റ വാര്‍ത്തകള്‍ തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. ഇടുക്കി നിയമസഭാ മണ്ഡലത്തില്‍ നിന്ന് അഞ്ചുതവണ വിജയിച്ച് കാല്‍നൂറ്റാണ്ടുകാലം എം.എല്‍.എയായ തനിക്ക് മാണി സാര്‍ എല്ലാം ആയിരുന്നു. വിദ്യാഭ്യാസം, വളര്‍ച്ച, രാഷ്ട്രീയം തുടങ്ങി തന്റെ ജീവിതത്തിലെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആ കുടുംബത്തോടും രാഷ്ട്രീയ ജീവിതത്തോടും നീതി പുലര്‍ത്തുക എന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഉദാത്തമായ മാതൃകയാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) എന്ന ഒറ്റ പാര്‍ട്ടി മാത്രമേ ഉണ്ടാവുകയുള്ളൂ. അതില്‍ തര്‍ക്കങ്ങളുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ജോസ് കെ മാണിയാണ് പാര്‍ട്ടിയുടെ നേതാവ്. താനും ജോസ് കെ മാണിയും തമ്മിലുള്ള ബന്ധം ആര്‍ക്കും വേര്‍പിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയെയും തന്നെയും ചേര്‍ത്തുപിടിച്ച മുഖ്യമന്ത്രി പിണറായി വിജയനോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.
മുന്നണി മാറ്റ നീക്കമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്, കേരള കോണ്‍ഗ്രസിനെ ചേര്‍ത്തുനിര്‍ത്തിയ നേതാവാണ് പിണറായി വിജയനെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തന്നെ വ്യക്തമാക്കിയതാണല്ലോ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ജോസ് കെ മാണിയുടെ വിജയത്തിനായി പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും വരും ദിവസങ്ങളില്‍ പ്രചാരണം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


