കൊച്ചി: ഇടതുമുന്നണിയുമായി ചില സീറ്റുകളില്‍ ബി.ജെ.പിക്കും ട്വന്റി 20ക്കും ഡീലുണ്ടെന്ന വി.ഡി. സതീശന്റെയും രമേശ് ചെന്നിത്തലയുടെയും ആരോപണത്തെ തള്ളി ട്വന്റി 20 അധ്യക്ഷന്‍ സാബു ജേക്കബ്. ഞങ്ങള്‍ ബി.ജെ.പിയുമായി സഹകരിച്ചതോടെ എറണാകുളത്തെ സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുമെന്നും ഇതിന്റെ പരിഭ്രാന്തിയാലാണ് ഇത്തരം വിലക്കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും സാബു ജേക്കബ് പറഞ്ഞു.

ട്വന്റി 20ക്ക് എതിരായ ആരോപണങ്ങള്‍ എല്‍.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയെ ഭയക്കുന്നു എന്നതിന് തെളിവാണ്. ഇക്കുറി എറണാകുളത്ത് യു.ഡു.എഫിന്റെ ശക്തി കേന്ദ്രങ്ങള്‍ നഷ്ടമാക്കുമെന്നും സാബു ജേക്കബ് അവകാശപ്പെട്ടു. കോണ്‍ഗ്രസിന് ഭരണം നഷ്ടമാക്കുമെന്ന പേടിയാണ് ഓരോ മണിക്കൂറിലും ഓരോ പ്രസ്താവനയിറക്കുന്നത്. എന്‍.ഡി.എക്ക് കേരളത്തില്‍ ഡീല്‍ ഉറപ്പിക്കേണ്ട ആവശ്യമില്ല.

എന്നാല്‍, ഇതുവരെ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് തെളിവുകള്‍ പുറത്തുവിടാന്‍ കഴിഞ്ഞിട്ടില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. ശതീശന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു, അന്ന് അവര്‍ പറ്റില്ലെന്ന് പറഞ്ഞു. ഇത്തവണയും അതിനുള്ള ശ്രമമുണ്ടായി. കൂടുതല്‍ കരുത്തുള്ള പാര്‍ട്ടിയായി ട്വന്റി 20 മാറി.

ട്വന്റി 20ക്ക് കേരളത്തില്‍ ഒട്ടാകെ 15 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ഏറ്റുമാനൂര്‍ പെരുമ്പാവൂര്‍ നേരത്തെ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കേണ്ടി വന്നത് അസാധാരണമല്ല. പെട്ടെന്ന് സ്ഥാനാര്‍ഥികളെ നിശ്ചയിക്കേണ്ടി വന്നു. ചില പിശകുകളും വന്നു. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ അത് തിരുത്തിയെന്നും സാബു ജേക്കബ് പറഞ്ഞു.