തിരുവനന്തപുരം: മാര്‍ച്ച് 26 വരെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്കു സാധ്യത. ചൂട് ഉയര്‍ന്നതോടെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും യെലോ അലര്‍ട്ട് നിലവിലുണ്ട്. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില എത്താം.

്ചൂടു കൂടിയതിന് പുറമെ യുവി വികിരണ തോതും ഉയര്‍ന്നു. ഉയര്‍ന്ന ചൂട് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമായേക്കാമെന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. സംസ്ഥാനത്തു പലയിടങ്ങളിലും അള്‍ട്രാവയലറ്റ് (യുവി) വികിരണത്തിന്റെ അളവ് അപകടകരമായ രീതിയില്‍ ഉയര്‍ന്നതോടെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

ഓറഞ്ച് അലര്‍ട്ട് : കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, തൃത്താല, പൊന്നാനി എന്നിവിടങ്ങളില്‍ യുവി ഇന്‍ഡക്‌സ് 8 രേഖപ്പെടുത്തി. ഇവിടെ അതീവ ജാഗ്രത പാലിക്കണം.

യെലോ അലര്‍ട്ട് : (യുവി 6-7): മൂന്നാര്‍, കളമശേരി, ഒല്ലൂര്‍, ബേപ്പൂര്‍, മാനന്തവാടി.