തലയോലപ്പറമ്പ്: വഴിയരികില്‍ കളഞ്ഞുകിട്ടിയ സ്വര്‍ണമാല ഉടമയ്ക്ക് തിരികെ നല്‍കി നാലാംക്ലാസ് വിദ്യാര്‍ഥിനി മാതൃകയായി. വെള്ളൂര്‍ ഭവന്‍സ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിനിയായ ജുവല്‍ ബിബിനാണ് വഴിയില്‍ കിടന്ന് മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല ലഭിച്ചത്. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടെ അച്ഛനൊപ്പം ബേക്കറിസാധനങ്ങള്‍ വാങ്ങാന്‍ പളളിക്കവലയിലെത്തിയപ്പോഴാണ് റോഡരികില്‍ കിടന്ന മാല കിട്ടിയത്.

തുടര്‍ന്ന് അച്ഛനോടൊപ്പം എത്തി മാല തലയോലപ്പറമ്പ് പോലീസ്സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. വടയാര്‍ ആറ്റുവേലക്കടവ് രതീഷിന്റെ, യു.കെ.ജി.യില്‍ പഠിക്കുന്ന മകളുടെ മാലയാണ് പള്ളിക്കവലയില്‍ നഷ്ടപ്പെട്ടത്. തലയോലപ്പറമ്പ് പോലീസ്സ്റ്റേഷനില്‍ ജുവല്‍തന്നെ പോലീസിന്റെ സാന്നിധ്യത്തില്‍ സ്വര്‍ണമാല തിരികെ നല്‍കുകയായിരുന്നു. തലയോലപ്പറമ്പ് മാരിയില്‍ ബിബിന്‍ ചാക്കോ-ജസ്ലി ദമ്പതിമാരുടെ മകളാണ് ജുവല്‍ ബിബിന്‍.