- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളന്‍ അകത്ത് കടന്നത് കിണറിന്റെ ആള്‍മറ തകര്‍ത്ത്; നഷ്ടമായത് 62 പവന്‍ സ്വര്‍ണാഭരണം: മോഷണ വിവരം അറിയുന്നത് പെരുന്നാള്‍ ആഘോഷത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍
ആളില്ലാത്ത വീട്ടില്‍ മോഷണം, 62 പവന്‍ കവര്‍ന്നു

മാതമംഗലം: പെരിങ്ങോം കുറ്റൂരില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് കള്ളന്‍ കൊണ്ടുപോയത് 62 പവന്‍ സ്വര്‍ണാഭരണങ്ങള്‍. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണം. കുറ്റൂര്‍ ടൗണിനടുത്ത് നഫീസ മന്‍സിലില്‍ പരേതനായ യു.എം.അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ കോറോത്ത് കൊവ്വല്‍ നഫീസയുടെ വീട്ടിലാണ് കഴിഞ്ഞദിവസം കള്ളന്‍ കയറി വന്‍ കവര്‍ച്ച നടത്തിയത്. നഫീസയും കുടുംബവും പെരുന്നാള്‍ ആഘോഷത്തിന് അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ പോയ തക്കം നോക്കിയാണ് മോഷണം നടന്നത്.
ശനിയാഴ്ച പോയ കുടുംബം ഇന്നലെ രാവിലെ വീട്ടില്‍ തിരികെ എത്തുമ്പോഴാണ് മോഷണം നടന്നതായി വ്യക്തമാകുന്നത്. വീടിന്റെ മുന്‍വാതില്‍ കമ്പിപ്പാര ഉപയോഗിച്ച് തുറക്കുവാന്‍ ശ്രമിച്ചതായി ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പിന്നില്‍ വീടിനോടുചേര്‍ന്നുള്ള കിണറിന്റെ ആള്‍മറ തകര്‍ത്ത് മോഷ്ടാവ് അകത്തുകടന്നതായി മനസ്സിലായി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അലമാരയില്‍ ബാഗിലാക്കി സൂക്ഷിച്ചിരുന്ന 62 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി മനസ്സിലായത്. ആഭരണങ്ങള്‍ ബാഗിലിട്ട് അലമാരയില്‍ വച്ചതാണ്.
മോഷ്ടാവെന്നു കരുതുന്നയാളുടെ ദൃശ്യം സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂരില്‍നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. പയ്യന്നൂര്‍ ഡിവൈഎസ്പി ഷൈജു, പെരിങ്ങോം എസ്എച്ച്ഒ ടി.കെ.മുകുന്ദന്‍, എസ്‌ഐ സവ്യസാചി, സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ രമേശന്‍ എന്നിവര്‍ സ്ഥലത്തെത്തി.


