- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനാലെയെ പിടിച്ചുലച്ച് വീണ്ടും ലൈംഗികാരോപണം; ബോസ് കൃഷ്ണമാചാരി പടിയിറങ്ങിയത് പീഡനപരാതിയെ തുടര്‍ന്നെന്ന് സ്ഥിരീകരണം

കൊച്ചി: ലോകപ്രശസ്തമായ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്റെ അധ്യക്ഷസ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്നാണെന്ന് സ്ഥിരീകരണം. ജനുവരി 14-നായിരുന്നു അദ്ദേഹം രാജി സമര്‍പ്പിച്ചത്. അന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് പടിയിറങ്ങുന്നതെന്നാണ് വിശദീകരിച്ചിരുന്നതെങ്കിലും, ഫൗണ്ടേഷന്റെ കീഴില്‍ ജോലി ചെയ്തിരുന്ന യുവതി നല്‍കിയ ഗുരുതരമായ പീഡനപരാതിയാണ് രാജിക്ക് പിന്നിലെന്ന് ബിനാലെ ട്രസ്റ്റ് ചെയര്‍മാന്‍ വി. വേണു ഇപ്പോള്‍ വ്യക്തമാക്കി.
2025 ഡിസംബര്‍ 28-നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നതെന്ന് പറയപ്പെടുന്നു. ബിനാലെയില്‍ തനിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന യുവതിയെ ബോസ് കൃഷ്ണമാചാരി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. യുവതി ഔദ്യോഗികമായി പരാതി നല്‍കിയതോടെ ബിനാലെ ട്രസ്റ്റ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്ഥാപകരില്‍ ഒരാള്‍ കൂടിയായ ബോസ് കൃഷ്ണമാചാരി പദവി ഒഴിഞ്ഞത്.
കൊച്ചി ബിനാലെയെ സംബന്ധിച്ചിടത്തോളം ലൈംഗികാരോപണങ്ങള്‍ പുതിയതല്ല. 2018-ല്‍ സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് മറ്റൊരു സ്ഥാപകനായ ആര്‍ട്ടിസ്റ്റ് റിയാസ് കോമുവിനും ബിനാലെയില്‍ നിന്നും രാജിവയ്‌ക്കേണ്ടി വന്നിരുന്നു. മീടൂ (#ങലഠീീ) ആരോപണങ്ങള്‍ കലാ ലോകത്ത് വലിയ ചര്‍ച്ചയായ കാലത്തായിരുന്നു അത്. ഇപ്പോള്‍ ബിനാലെയുടെ മുഖമായ ബോസ് കൃഷ്ണമാചാരിക്കെതിരെയും സമാനമായ നടപടിയുണ്ടായത് ഫൗണ്ടേഷന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്.
പരാതിക്കാരിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും സ്ഥാപനത്തിനുള്ളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ചെയര്‍മാന്‍ വി. വേണു അറിയിച്ചു. ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നു വരികയാണ്. 2012-ല്‍ സഹ ക്യുറേറ്ററായി ബിനാലെയുടെ ഭാഗമായ ബോസ് കൃഷ്ണമാചാരി, ഈ അന്താരാഷ്ട്ര കലാമാമാങ്കത്തെ ലോകശ്രദ്ധയില്‍ എത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ്.


