കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ധര്‍മ്മടം മണ്ഡലത്തിലെ വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിയാത്തതിന്റെ പരിമിതി മറികടക്കാന്‍ പുതുവഴി തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്ഡലത്തിലെ ഓരോ വോട്ടറെയും പേരെടുത്ത് അഭിസംബോധന ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ 'തുറന്ന കത്ത്' ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചയാവുകയാണ്. എല്‍.ഡി.എഫിന്റെ താരപ്രചാരകന്‍ എന്ന നിലയില്‍ സംസ്ഥാനത്തുടനീളം പര്യടനം നടത്തേണ്ടതിനാല്‍ സ്വന്തം മണ്ഡലത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വൈകാരികമായ നീക്കം.

ധര്‍മ്മടം മണ്ഡലത്തിലെ 2,05,273 വോട്ടര്‍മാരുടെയും പേരും വീട്ടുനമ്പറും വിലാസവും കൃത്യമായി അച്ചടിച്ച കത്തുകളാണ് സി.പി.എം പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും വോട്ടര്‍മാര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. വോട്ടര്‍മാരുടെ സ്‌നേഹവും പിന്തുണയുമാണ് തന്റെ പൊതുജീവിതത്തിലെ ഏറ്റവും വലിയ കരുത്തെന്ന് മുഖ്യമന്ത്രി കത്തില്‍ സ്മരിക്കുന്നു. തന്റെ ഭൂരിപക്ഷത്തില്‍ പ്രതിഫലിച്ച ആ സ്‌നേഹം വാക്കുകള്‍ക്ക് അതീതമായ കടപ്പാടായി മനസ്സില്‍ സൂക്ഷിക്കുന്നുവെന്നും അദ്ദേഹം വോട്ടര്‍മാരോട് പറയുന്നു.

മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന നേട്ടങ്ങളുടെ നീണ്ട പട്ടികയും കത്തില്‍ നിരത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനം മുതല്‍ സാധാരണക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്ന പദ്ധതികള്‍ വരെ അക്കമിട്ട് നിരത്തിയാണ് തന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വോട്ടര്‍മാര്‍ക്ക് മുന്നില്‍ അദ്ദേഹം സമര്‍പ്പിക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെമ്പാടും പ്രചാരണത്തിന് പോകേണ്ടി വരുന്നതിനാല്‍ മണ്ഡലത്തില്‍ സജീവമായി നില്‍ക്കാന്‍ സാധിക്കാത്ത സാഹചര്യവും അദ്ദേഹം വോട്ടര്‍മാരെ ബോധ്യപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ അഭാവം നികത്താന്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ വിപുലമായ പ്രചാരണ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വീടുകള്‍ തോറുമുള്ള ഈ കത്ത് വിതരണം വോട്ടര്‍മാരുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാന്‍ സഹായിക്കുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടല്‍.