മലപ്പുറം: പൊന്നാനി മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പരിഹാരമായില്ല. ഒരു വിഭാഗം പ്രതിഷേധം തുടരുന്നതിനിടെ നോട്ടയ്ക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.കെ. സക്കീറിനെ നിശ്ചയിച്ചതിനെതിരെ പുതുപൊന്നാനിയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. 'പുതുപൊന്നാനി 44-ാം വാര്‍ഡ് സഖാക്കള്‍' എന്ന പേരില്‍ മണ്ഡലത്തില്‍ പുതിയ പോസ്റ്ററുകള്‍ ഉയര്‍ന്നു.

അടിമകളാകാന്‍ തങ്ങള്‍ തയ്യാറല്ലെന്നും ചങ്ങലകളാല്‍ ബന്ധിതരല്ലെന്നുമാണ് പോസ്റ്ററിലെ പ്രധാന വാചകം. പാര്‍ട്ടിയുടെയും മുന്നണിയുടെയും നിലവിലെ തീരുമാനങ്ങളോടുള്ള കടുത്ത അമര്‍ഷമാണ് ഇതിലൂടെ പ്രകടമാകുന്നത്. ഈ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വോട്ട് 'നോട്ട'യ്ക്കായിരിക്കുമെന്ന് സഖാക്കള്‍ ഈ പോസ്റ്ററിലൂടെ പരസ്യമായി പ്രഖ്യാപിക്കുന്നു.

മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്‍, ചെഗുവേര, ഭഗത് സിങ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്ന ഏതൊരു പ്രസ്ഥാനവും പരാജയത്തിന്റെ വരികള്‍ വായിക്കാന്‍ നിര്‍ബന്ധിതരാകുമെന്ന താക്കീതും പോസ്റ്ററിലുണ്ട്.