കൊച്ചി: പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പറവൂര്‍ പെരുവാരം പൂതയില്‍ വിനോദ് (46) നെയാണ് വടക്കേക്കര പൊലീസും റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പന നടത്തുന്നതിന് കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചെടുത്തത്.

ഷോള്‍ഡര്‍ ബാഗുകളില്‍ പ്രത്യേക പാക്കറ്റുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു. പ്രതിക്കെതിരെ രണ്ട് കിലോയിലധികം കഞ്ചാവ് കൈവശം വച്ചതിന് കോതമംഗലം എക്‌സൈസില്‍ മയക്കുമരുന്ന് കേസും, നോര്‍ത്ത്, പറവൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകളുമുണ്ട്.

മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന്റെ നിര്‍ദേശ പ്രകാരം വടക്കേക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.ഐ.നസീര്‍, റസാഖ്, അസി. സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍, പൊലീസ് ഉദ്യോഗസ്ഥരായ നിബിന്‍ സിമില്‍ റാം, സനില്‍, ശ്രീരാഗ്, ഡാന്‍സാഫ് ടീം അംഗങ്ങള്‍ എന്നിവരുടെ സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനു വേണ്ടി കസ്റ്റഡിയില്‍ വാങ്ങും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റെയ്ഡുകള്‍ തുടരുമെന്ന് മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണന്‍ അറിയിച്ചു.