- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെ കനാലില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട 15കാരന് മുങ്ങി മരിച്ചു
ഒഴുക്കില്‍പ്പെട്ട 15കാരന് മുങ്ങി മരിച്ചു

കൊച്ചി: എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വന്നതിന് പിന്നാലെ കനാലില്‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. മുവാറ്റുപുഴ വളയന്‍ചിറങ്ങരയിലാണ് പത്താം ക്ലാസുകാരന്റെ ദാരുണ മരണം. കണ്ടന്തറ മഞ്ചേരിമുക്ക് കോസര്‍ണ വീട്ടില്‍ റിനാസ് (15) ആണ് മരിച്ചത്. വളയന്‍ചിറങ്ങര ഐടിസിക്ക് പിന്നിലുള്ള പെരിയാര്‍വാലി കനാലില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. നീന്തലറിയാത്ത കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു.
പെരുമ്പാവൂര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു റിനാസ്. ഇന്നലെ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം റിനാസ് കനാലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം. വെള്ളം നിറഞ്ഞ വലിയ കനാലില്‍ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുളിക്കാനിറങ്ങിയ റിനാസ് ഒഴുക്കില്‍പ്പെട്ടതോടെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
നാട്ടുകാരും പട്ടിമറ്റത്ത് നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കുറച്ചകലെയുള്ള കടവില്‍ നിന്ന് മൃതദേഹം കണ്ടെത്തി. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. നിയമപരമായ നടപടിക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: ജാസ്മിന്‍. അമ്മയും മകനും വാടക വീട്ടിലായിരുന്നു താമസം.


