- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടില്‍ യുഡിഎഫിന് ആശ്വാസം; വിമത ഭീഷണി ഒഴിഞ്ഞു; സജി ജോസഫ് പത്രിക പിന്‍വലിക്കുന്നു

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ കുട്ടനാട് മണ്ഡലത്തില്‍ യുഡിഎഫിന് ആശ്വാസവാര്‍ത്ത. സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കിയ ഡിസിസി വൈസ് പ്രസിഡന്റ് സജി ജോസഫ് പത്രിക പിന്‍വലിക്കാന്‍ തീരുമാനിച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പത്രിക പിന്‍വലിക്കാനും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാനും സജി ജോസഫ് സമ്മതിച്ചത്.
കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസില്‍ (ജോസഫ്) നിന്ന് കോണ്‍ഗ്രസ് ഏറ്റെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സജി ജോസഫ് വിമതനായി രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുകയും ചെയ്തിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ യുഡിഎഫ് വോട്ടുകള്‍ ഭിന്നിക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് നേതൃത്വം ഇടപെട്ട് അനുരഞ്ജന ചര്‍ച്ചകള്‍ നടത്തിയത്.
കേരള കോണ്‍ഗ്രസിലെ റെജി ചെറിയാനാണ് കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. റെജി ചെറിയാന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങുമെന്ന് സജി ജോസഫ് വ്യക്തമാക്കി. രാജിക്കത്ത് പിന്‍വലിച്ച് പാര്‍ട്ടി പദവികളില്‍ അദ്ദേഹം തുടരുമെന്നാണ് സൂചന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനാണ് കുട്ടനാട് സീറ്റ് യുഡിഎഫിന് നഷ്ടമായത്. ഇത്തവണ വിമത ഭീഷണി കൂടി ഒഴിഞ്ഞതോടെ സീറ്റ് തിരിച്ചുപിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.
കുട്ടനാട്ടിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സജി ജോസഫിന് സ്വാധീനമുള്ളതിനാല്‍ അദ്ദേഹത്തിന്റെ പിന്മാറ്റം റെജി ചെറിയാന്റെ പ്രചാരണത്തിന് വലിയ ഊര്‍ജ്ജം നല്‍കും. വരും ദിവസങ്ങളില്‍ യുഡിഎഫ് നേതാക്കള്‍ മണ്ഡലത്തില്‍ സംയുക്തമായി പ്രചാരണം നടത്താനാണ് തീരുമാനം.


