കോഴിക്കോട്: കുന്നമംഗലം കോണോട്ട് വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു. സ്‌കൂള്‍ കുട്ടികളുമായുള്ള ട്രിപ്പ് കഴിഞ്ഞു വീട്ടില്‍ നിര്‍ത്തിയിട്ട ഉടന്‍ തന്നെ തീ പടരുകയായിരുന്നു. പ്രദീഷ് കാട്ടില്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാന്‍ ആണ് കത്തി നശിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഡീസല്‍ ടാങ്കിലേക്ക് തീപടര്‍ന്നതിനെ തുടര്‍ന്ന് ആളിക്കത്തിയ തീ വീടിന്റെ ഒരു ഭാഗത്തേക്കും പടര്‍ന്നു പിടിച്ചു. തുടര്‍ന്ന് വെള്ളിമടുകുന്നില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. സ്റ്റേഷന്‍ ഓഫിസര്‍ റോബി വര്‍ഗീസ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. കോണോട്ട് എല്‍പി സ്‌കൂളിന് വേണ്ടി സര്‍വീസ് നടത്തുന്ന വാഹനമാണ്. പ്രദീഷ് വാടകയ്ക്ക് താമസിക്കുന്ന അബ്ദുറഹ്‌മാന്‍ തൂമ്പറ്റച്ചാലില്‍ എന്നയാളുടെ വീട്ടുമുറ്റത്താണ് അപകടം നടന്നത്.