ന്യൂഡല്‍ഹി: ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരന് ആശ്വാസമേകി പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാന്‍ പെട്രോളിന്റെ തീരുവ 13 രൂപയില്‍ നിന്ന് 3 രൂപയായും ഡീസലിന്റേത് 10 രൂപയില്‍ നിന്ന് പൂജ്യമായും കുറച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന ഇടപെടലിനെ പ്രകീര്‍ത്തിച്ച് സുരേഷ് ഗോപി രംഗത്തെത്തി.

കഴിഞ്ഞ 30 ദിവസത്തിനിടെ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 70 ഡോളറില്‍ നിന്ന് 122 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു. ലോകമെമ്പാടും ഇന്ധനവിലയില്‍ 50 ശതമാനത്തോളം വര്‍ദ്ധനവുണ്ടായപ്പോള്‍ ഇന്ത്യയില്‍ വില പിടിച്ചുനിര്‍ത്താന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സ്വയം ഒരു 'ഷോക്ക് അബ്സോര്‍ബറായി' പ്രവര്‍ത്തിക്കുകയാണെന്ന് സുരേഷ് ഗോപി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. പെട്രോളിന് ലിറ്ററിന് 24 രൂപയും ഡീസലിന് 30 രൂപയും വീതം വരുന്ന അധിക ബാധ്യത സര്‍ക്കാര്‍ സ്വയം ഏറ്റെടുത്തുകൊണ്ടാണ് വിലക്കയറ്റത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നത്. രാജ്യത്തെ റിഫൈനറികള്‍ക്ക് കയറ്റുമതി നികുതി ഏര്‍പ്പെടുത്തി ആഭ്യന്തര വിതരണം ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം സൃഷ്ടിച്ച ആഗോള അസ്ഥിരതയ്ക്കിടയിലും ഇന്ത്യന്‍ പൗരന്മാരെ സംരക്ഷിക്കുന്ന ഒരു 'കവചമാണ്' ഈ നയമെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.

സാധാരണക്കാരന്റെ ബജറ്റിനെ തകര്‍ക്കാതെയുള്ള കേന്ദ്രത്തിന്റെ ധീരമായ ഇടപെടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും അദ്ദേഹം നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തെ സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ തീരുമാനമെന്നും ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരം ഇടപെടലുകള്‍ രാജ്യത്തിന് കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.