തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അഭിമുഖം ഫെയ്സ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത മെറ്റയുടെ നടപടി പിന്‍വലിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് വീഡിയോ പുനഃസ്ഥാപിച്ചത്. മനോരമ ചാനലിന്റെ ഫെയ്സ്ബുക്ക് പേജില്‍ നല്‍കിയ അഭിമുഖം പോലീസിന്റെ ആവശ്യപ്രകാരമാണ് മെറ്റ നേരത്തെ ഒഴിവാക്കിയിരുന്നത്.

അഭിമുഖത്തിന് താഴെ വന്ന ചില കമന്റുകള്‍ നീക്കം ചെയ്യാനുള്ള പോലീസിന്റെ അപേക്ഷയിലാണ് മെറ്റ പോസ്റ്റ് തന്നെ റിമൂവ് ചെയ്തതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പോസ്റ്റ് നീക്കം ചെയ്ത നടപടി ഒഴിവാക്കണമെന്ന് പോലീസ് മെറ്റയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ വ്യക്തമാക്കി. വിവാദമായതോടെയാണ് സാങ്കേതികമായ കാരണങ്ങള്‍ നിരത്തി അധികൃതര്‍ രംഗത്തെത്തിയത്.

തന്റെ ഇന്റര്‍വ്യൂ വീഡിയോ നീക്കം ചെയ്യാന്‍ പോലീസിന് എന്ത് അവകാശമാണുള്ളതെന്ന് വി.ഡി. സതീശന്‍ ചോദിച്ചു. പോലീസിന്റെ ഇടപെടല്‍ ജനാധിപത്യവിരുദ്ധമാണെന്നും എന്തിനെയാണ് സര്‍ക്കാര്‍ ഭയക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പോലീസിന്റെ താല്പര്യപ്രകാരമാണ് മെറ്റ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെങ്കില്‍ അത് ഗൗരവകരമായ വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കളുടെ അഭിപ്രായപ്രകടനങ്ങള്‍ തടയാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. കമ്മീഷന്റെ അടിയന്തര ഇടപെടല്‍ ഉണ്ടായതോടെയാണ് വിവാദത്തിന് താല്ക്കാലിക ശമനമായത്.