- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനം തയ്യാറാകണം; നേമത്ത് ഉദ്യോഗസ്ഥ നിയമനം ദുരൂഹമെന്ന് രാജീവ് ചന്ദ്രശേഖര്‍; തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ നീക്കമെന്നും ആരോപണം; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും സ്‌പെഷ്യല്‍ എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചതിന്റെ ആനുകൂല്യം കേരളത്തിലെ ജനങ്ങള്‍ക്കും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേന്ദ്രം മാതൃകാപരമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരും തങ്ങളുടെ നികുതി വിഹിതം കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥരെ മാത്രം നിയോഗിച്ചതില്‍ ദുരൂഹതയുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. നേമത്തെ സ്ഥാനാര്‍ത്ഥിയും തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടിയുടെ വകുപ്പില്‍ നിന്നുള്ളവര്‍ മാത്രമാണ് റിട്ടേണിംഗ് ഓഫീസറെ സഹായിക്കാനുള്ള പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇത് തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൊഴില്‍ വകുപ്പിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നേമത്തെ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് അടിയന്തരമായി ഒഴിവാക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.


