മഞ്ചേരി: മോട്ടിവേഷന്‍ പ്രസംഗങ്ങളിലൂടെയും കൗണ്‍സിലിംഗിലൂടെയും പ്രശസ്തനായ ഫിലിപ്പ് മമ്പാടിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്ത മുന്‍ പോലീസ് ഓഫീസര്‍ കൂടിയായ ഫിലിപ്പിന് ജാമ്യം നല്‍കാനാവില്ലെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എം. തുഷാര്‍ വ്യക്തമാക്കി. ഇതോടെ തടവറയ്ക്കുള്ളില്‍ തന്നെ 'മോട്ടിവേഷന്‍' തുടരേണ്ട അവസ്ഥയിലാണ് പ്രതി.

മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി സമീപിച്ചപ്പോഴാണ് ഫിലിപ്പ് മമ്പാട് തന്റെ തനിനിറം പുറത്തെടുത്തത്. കുട്ടിയുടെ രക്ഷിതാക്കളുടെ വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍, പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അനുവാദം വാങ്ങി. തുടര്‍ന്ന് കൗണ്‍സിലിംഗിന്റെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. ചേവായൂര്‍ പോലീസിന് ലഭിച്ച പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം 13-നാണ് ഇയാള്‍ പിടിയിലായത്.

ലോഡ്ജിലെ ലഡ്ജറില്‍ രേഖപ്പെടുത്തിയ കൈയക്ഷരവും ഒപ്പും ഫിലിപ്പിന്റേത് തന്നെയാണോ എന്ന് ശാസ്ത്രീയമായി പരിശോധിക്കാന്‍ കോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ഈ പരിശോധനാ ഫലം വരാന്‍ വൈകുമെന്നും 80 വയസ്സുള്ള തന്റെ മാതാവിനെ നോക്കാന്‍ താന്‍ വേണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. എന്നാല്‍, ഈ 'അമ്മ' സെന്റിമെന്റ്സ് കോടതിയില്‍ വിലപ്പോയില്ല. പ്രതിക്ക് പ്രായമായ മാതാവിനെ സംരക്ഷിക്കാന്‍ മകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാനും ഇരകളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഐഷ പി. ജമാല്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി പ്രതിയെ ജയിലിലേക്ക് തന്നെ തിരിച്ചയച്ചു. നിയമം സംരക്ഷിക്കേണ്ട പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഒരാള്‍ തന്നെ ഇത്തരമൊരു ഹീനകൃത്യം ചെയ്തത് നാണക്കേടാണെന്ന പൊതുവികാരവും കോടതി നടപടികളില്‍ പ്രതിഫലിച്ചു.