പയ്യന്നൂര്‍: ബംഗളൂരുവില്‍ നിന്നും മംഗളൂരു വഴി കണ്ണൂരിലേക്ക് കാറില്‍ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേര്‍ പയ്യന്നൂരില്‍ പിടിയിലായി. റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിന്റെയും പയ്യന്നൂര്‍ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് ലഹരിസംഘം വലയിലായത്.

കണ്ണൂര്‍ ചാലാട് സ്വദേശി നദീര്‍ നൂറുദ്ദീന്‍ (42), ഭാര്യ അയിന (26), എടക്കാട് സ്വദേശി കെ. ഷാനിദ് (36) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി 10.15-ഓടെ കണ്ടോത്തെ താത്കാലിക ഇലക്ഷന്‍ ചെക്കിംഗ് പോയിന്റില്‍ വെച്ച് പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ കാറിനെ പോലീസ് സംഘം പിന്തുടരുകയായിരുന്നു. ഒടുവില്‍ എടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ച് സാഹസികമായാണ് പോലീസ് ലഹരിസംഘത്തെ കീഴ്‌പ്പെടുത്തിയത്.

കാറില്‍ ഒളിപ്പിച്ച നിലയില്‍ 41.140 ഗ്രാം എം.ഡി.എം.എ, 24 എം.ഡി.എം.എ ഗുളികകള്‍, 241.21 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പോലീസ് കണ്ടെടുത്തു. കൂടാതെ ലഹരി വിറ്റ വകയിലെന്ന് കരുതുന്ന 1,49,380 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ മേഖലയിലെ പ്രധാന ലഹരി വിതരണക്കാരാണോ ഇവരെന്ന കാര്യത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

പയ്യന്നൂര്‍ എസ്.ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാന്‍സാഫ് സ്‌ക്വാഡുമാണ് പ്രതികളെ പിടികൂടിയത്. ഗ്രേഡ് എസ്.ഐ സുഭാഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇലക്ഷന്‍ പ്രമാണിച്ച് അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയ സാഹചര്യത്തിലാണ് വന്‍തോതിലുള്ള ലഹരിക്കടത്ത് പിടികൂടിയിരിക്കുന്നത്.