- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലരാമപുരത്ത് വന്‍ ആയുധശേഖരം; വാട്ടര്‍ ടാങ്കിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍; തിരഞ്ഞെടുപ്പ് പരിശോധനയ്ക്കിടെ കണ്ടെത്തല്‍

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രമാണിച്ച് പോലീസ് നടത്തിയ കര്‍ശന പരിശോധനയ്ക്കിടെ ബാലരാമപുരത്ത് വന്‍ ആയുധശേഖരം കണ്ടെത്തി. ബാലരാമപുരം പുത്രക്കാട് വാട്ടര്‍ ടാങ്കിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു ആയുധങ്ങള്‍. ബോംബുകളും മാരകായുധങ്ങളും കണ്ടെടുത്ത സാഹചര്യത്തില്‍ പ്രദേശത്ത് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
വാട്ടര്‍ ടാങ്കിന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ട ചാക്കുകള്‍ പരിശോധിച്ചപ്പോഴാണ് ആയുധങ്ങള്‍ പുറത്തുവന്നത്. ആറ് വാളുകള്‍, രണ്ട് മഴു, വെട്ടുകത്തികള്‍, ഇരുമ്പ് ദണ്ഡ്, മാരക പ്രഹരശേഷിയുള്ള നാടന്‍ ബോംബുകള്‍ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.
ഏകദേശം നാല് മാസം മുമ്പ് പ്രദേശത്ത് രണ്ട് ക്രിമിനല്‍ സംഘങ്ങള്‍ തമ്മില്‍ വലിയ തോതിലുള്ള ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രതികാര നടപടികള്‍ക്കായി ഗുണ്ടാസംഘം കരുതിവെച്ച ആയുധങ്ങളാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഗുണ്ടാ ലിസ്റ്റിലുള്ളവരെ കേന്ദ്രീകരിച്ച് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കണ്ടെടുത്ത ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ആയുധങ്ങള്‍ അവിടെ എത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാലരാമപുരം പോലീസ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന ജില്ലയില്‍ ബോംബുകളും വാളുകളും കണ്ടെത്തിയത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഗൗരവത്തോടെയാണ് കാണുന്നത്.


