കൊല്ലം: ചടയമംഗലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ജെ ചിഞ്ചു റാണിയെ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം. കൊല്ലം നിലമേല്‍ തങ്കക്കല്ലിലാണ് സംഭവം. പ്രദേശത്തെ ഏകദേശം ആറ് കിലോമീറ്റര്‍ ഓളം റോഡ് വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ഇതിന് പരിഹാരം കാണാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. മന്ത്രിയോട് പലതവണ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്ത് പ്രചരണത്തിന്റെ ഭാഗമായി സ്വീകരണ ചടങ്ങില്‍ എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പരസ്യ പ്രതിഷേധം. പോലീസ് എത്തി സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ അയഞ്ഞില്ല. റോഡ് പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വോട്ട് കൊടുക്കില്ല എന്ന നിലപാടില്‍ ആയിരുന്നു നാട്ടുകാര്‍.