- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോറ്റിയേ കേറ്റിയേ പാരഡി ഗാനം പാടി; യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി; ചട്ടലംഘനമില്ല, ഇനിയും പാടുമെന്ന് പഴകുളം മധു

പത്തനംതിട്ട: ശബരിമല ഉള്‍പ്പെടുന്ന റാന്നി മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ 'പോറ്റിയേ കേറ്റിയേ' എന്ന പാരഡി ഗാനം പാടി പ്രചാരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി പഴകുളം മധുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പഴകുളം മധുവിനെതിരെ പരാതി നല്‍കിയത്. പാരഡി ഗാനത്തിലൂടെ മതവികാരം വ്രണപ്പെടുത്താനും വോട്ട് തട്ടാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് പ്രസാദ് കുഴിക്കാല തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുന്‍നിര്‍ത്തിയാണ് പഴകുളം മധു ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിച്ചത്. എന്നാല്‍, വിശുദ്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കുന്ന രീതിയിലുള്ള ഇത്തരം ഗാനങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തും ഇതേ പാട്ടിനെതിരെ പ്രസാദ് കുഴിക്കാല പരാതി നല്‍കുകയും നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
താനൊരു അഭിഭാഷകനാണെന്നും നിയമം കൃത്യമായി അറിയാമെന്നും പറഞ്ഞ പഴകുളം മധു, താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് അവകാശപ്പെട്ടു. ഒരു കുറ്റകൃത്യത്തെക്കുറിച്ച് (ശബരിമല സ്വര്‍ണ്ണക്കൊള്ള) പാട്ടു പാടുന്നത് എങ്ങനെ മതവികാരം വ്രണപ്പെടുത്തലാകുമെന്നും അദ്ദേഹം ചോദിക്കുന്നു. പരാതിക്ക് പിന്നില്‍ റാന്നിയിലെ ഇടത് സ്ഥാനാര്‍ത്ഥിയാണെന്നും ശബരിമല വിഷയം സജീവമായിത്തന്നെ ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പാട്ട് ഇനിയും പാടുമെന്ന വെല്ലുവിളിയും അദ്ദേഹം ഉയര്‍ത്തിയിട്ടുണ്ട്. താന്‍ എംഎല്‍എ ആയാല്‍ നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട എല്ലാ കേസുകളും യുഡിഎഫ് സര്‍ക്കാരിനെക്കൊണ്ട് പിന്‍വലിപ്പിക്കുമെന്നും അദ്ദേഹം വോട്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കി.
റാന്നിയില്‍ ശബരിമലയുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങള്‍ വോട്ടായി മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എന്നാല്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് തന്റെ പോരാട്ടമെന്നും പഴകുളം മധു പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഈ ഗാനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുമെന്നതിനാല്‍ റാന്നിയിലെ വോട്ടര്‍മാരും രാഷ്ട്രീയ നിരീക്ഷകരും കമ്മീഷന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.


