നാഗ്പുര്‍: ശ്യാമള്‍ മണ്ഡല്‍ കൊലക്കേസിലെ മുഖ്യപ്രതി 20 വര്‍ഷത്തിന് ശേഷം പോലിസ് പിടിയിലായി. ദുര്‍ഗ ബഹദൂര്‍ ബഡ് ഛേത്രി ആണ് കൊലപാതകം നടന്ന് 20 വര്‍ഷത്തിനു ശേഷം അറസ്റ്റിലായത്. സിബിഐ സംഘം നാഗ്പുരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വിദ്യാര്‍ത്ഥിയായിരുന്ന ശ്യാമളിനെ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തുക ആയിരുന്നു. കേസില്‍ രണ്ടാം പ്രതി മുഹമ്മദ് അലി നേരത്തേ പിടിയിലായിരുന്നു. ഇയാളെ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ശ്യാമളിന്റെ കുടുംബസുഹൃത്ത് കൂടിയാണ് ഇയാള്‍.

2005 ഒക്ടോബര്‍ 13നായിരുന്നു കൊലപാതകം. ആന്‍ഡമാന്‍ സ്വദേശിയായിരുന്ന ശ്യാമള്‍ തിരുവനന്തപുരത്ത് എന്‍ജിനീയറിങ്ങിനു പഠിക്കവെയാണ് കൊല്ലപ്പെട്ടത്. മോചനദ്രവ്യം ആവശ്യപ്പെട്ട് ശ്യാമളിനെ തട്ടിക്കൊണ്ടുപോയി തലയറുത്തു കൊന്ന ശേഷം മൃതദേഹം ചാക്കില്‍ കെട്ടി കോവളം ബൈപാസിനു സമീപത്തെ മാലിന്യം നിറഞ്ഞ കുറ്റിക്കാട്ടില്‍ തള്ളുകയായിരുന്നു.

ചാക്കുകെട്ടില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് അരുംകൊല പുറംലോകമറിയുന്നത്. അപ്പോഴേക്കും തിരിച്ചറിയാനാകാത്ത വിധം മൃതദേഹം ജീര്‍ണിച്ചിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളില്‍ മുഹമ്മദ് അലി പിന്നീട് പിടിയിലായി. മുഖ്യ പ്രതി ദുര്‍ഗ ബഹദൂര്‍ ബഡ് ഛേത്രി 20 വര്‍ഷക്കാലം കാണാമറയത്ത്! ഇയാള്‍ പിടിയിലായത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.