ചെന്നൈ: തീവണ്ടി യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ പരാതി നല്‍കാനായി പോലീസ് സ്റ്റേഷനില്‍ പോകണ്ട. സ്റ്റേഷനില്‍ പോകാതെതന്നെ പരാതി നല്‍കാനും നമ്പര്‍ ബ്ലോക്ക് ചെയ്യുന്നതിനും ദക്ഷിണ റെയില്‍വേ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി. റെയില്‍വേ സംരക്ഷണ സേനയുമായും ടെലികോം വകുപ്പുമായും സഹകരിച്ചാണ് വണ്ടിയില്‍നിന്നുതന്നെ ഡിജിറ്റല്‍ പരാതി രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്നത്.

തീവണ്ടി യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ നഷ്ടമായെന്നു മനസ്സിലായാല്‍ റെയില്‍ മദദ് ആപ്പ് വഴിയോ 139 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ടു ചെയ്യുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനുശേഷം സെന്‍ട്രല്‍ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) പോര്‍ട്ടലില്‍ പോയി ഡിജിറ്റല്‍ രജിസ്‌ട്രേഷന്‍ നടത്തണം. ആര്‍.പി.എഫും മേഖലാ സൈബര്‍ സെല്ലും ചേര്‍ന്ന് ഉടന്‍തന്നെ ഫോണ്‍ ബ്ലോക്ക് ചെയ്യും. നഷ്ടപ്പെട്ട ഫോണ്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്യും.

ഒപ്പം യാത്ര ചെയ്യുന്നവരുടെ ഫോണില്‍നിന്ന് ഡിജിറ്റല്‍ പരാതി നല്‍കാം. നഷ്ടപ്പെട്ട ഫോണിന്റെ ദുരുപയോഗം തടയുന്നതിന് രാജ്യത്തെ എല്ലാ നെറ്റ് വര്‍ക്കുകളിലും അത് ബ്ലാക്ക് ലിസ്റ്റില്‍പ്പെടുത്തും.തനിച്ചു യാത്ര ചെയ്യുന്നവര്‍ക്ക് ടി.ടി.ഇ.യുടെയോ ആര്‍.പി.എഫ്. ഉദ്യോഗസ്ഥരുടെയോ വിശ്വസിക്കാവുന്ന സഹയാത്രികരുടെയോ സഹായം തേടാം.

ഈ സൗകര്യം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സ്വന്തം ഫോണിന്റെ 15 അക്ക ഐ.എം.ഇ.ഐ. നമ്പര്‍ ഡയറിയില്‍ എഴുതിവെക്കുകയോ ക്ലൗഡ് സ്റ്റോറേജില്‍ സൂക്ഷിച്ചുവെക്കുകയോ ചെയ്യണമെന്ന് റെയില്‍വേ നിര്‍ദേശിച്ചു.