തൃശ്ശൂര്‍: തൃശ്ശൂര്‍ കോര്‍പ്പറേഷനെ ഇളക്കിമറിച്ച പണാരോപണ വിവാദങ്ങള്‍ക്കൊടുവില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലാലി ജെയിംസ് കോണ്‍ഗ്രസിലേക്ക് മടങ്ങുന്നു. ഡിസിസി നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും കെപിസിസിക്ക് മാപ്പപേക്ഷ എഴുതി നല്‍കുകയും ചെയ്തതോടെയാണ് ലാലിയുടെ മടക്കത്തിന് വഴിയൊരുങ്ങിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പാര്‍ട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നടപടി.

തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം നിജി ജസ്റ്റിന് നല്‍കിയത് കോടികള്‍ വാങ്ങിയാണെന്ന ലാലി ജെയിംസിന്റെ വെളിപ്പെടുത്തല്‍ അന്ന് വലിയ രാഷ്ട്രീയ ബോംബായാണ് പൊട്ടിയത്. തനിക്ക് മേയര്‍ സ്ഥാനം ലഭിക്കാതിരുന്നത് ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ട വന്‍തുക നല്‍കാത്തതുകൊണ്ടാണെന്ന് അന്ന് അവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയ ഈ പ്രസ്താവനയെത്തുടര്‍ന്നാണ് ലാലിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും തിരികെ എത്തിക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമാണ് ലാലിക്ക് തുണയായത്. പുറത്താക്കപ്പെട്ട കാലയളവിലും കോര്‍പ്പറേഷനിലെ മേയര്‍ തിരഞ്ഞെടുപ്പില്‍ ലാലി ജെയിംസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് രേഖപ്പെടുത്തി തന്റെ വിശ്വസ്തത തെളിയിച്ചിരുന്നു. ഇത് തിരിച്ചെടുക്കല്‍ പ്രക്രിയ വേഗത്തിലാക്കാന്‍ കാരണമായി.

പരാതികളും പരിഭവങ്ങളും എഴുതി നല്‍കിയ മാപ്പിലൂടെ അവസാനിച്ചുവെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശ്ശൂരില്‍ യുഡിഎഫിന്റെ വിജയസാധ്യത വര്‍ദ്ധിപ്പിക്കാന്‍ ഇത്തരം ഐക്യ നീക്കങ്ങള്‍ അത്യാവശ്യമാണെന്ന് ഡിസിസിയും നിലപാട് മാറ്റി. ലാലിയുടെ മടങ്ങിവരവ് കോര്‍പ്പറേഷനിലെ ഭരണപക്ഷത്തിന് വലിയ കരുത്ത് പകരുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതീക്ഷ. രാഷ്ട്രീയ ശത്രുക്കള്‍ ലാലിയുടെ പഴയ ആരോപണങ്ങള്‍ ആയുധമാക്കാന്‍ സാധ്യതയുണ്ടെങ്കിലും അത് അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക നേതൃത്വം.