കോട്ടയം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോള്‍, വോട്ടര്‍മാരെ നേരില്‍ കാണാന്‍ പുണ്യദിനങ്ങളും വേദിയാക്കി കോട്ടയത്തെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. ഓശാന ഞായര്‍ പ്രമാണിച്ച് പള്ളികളില്‍ നടന്ന കുരുത്തോല പ്രദക്ഷിണത്തിലും പ്രത്യേക കുര്‍ബാനകളിലും പങ്കുചേര്‍ന്നാണ് പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ട് തേടിയത്. ഈസ്റ്റര്‍ വരെയുള്ള വിശുദ്ധ വാരത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് സ്ഥാനാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ രാവിലെ ആറിന് പാലാ ളാലം സെന്റ് മേരീസ് പള്ളിയില്‍ നടന്ന ഓശാന ശുശ്രൂഷകളില്‍ അദ്ദേഹം പങ്കെടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജും പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലാണ് എത്തിയത്. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട് മുഖ്യകാര്‍മ്മികത്വം വഹിച്ച കുരുത്തോല പ്രദക്ഷിണത്തില്‍ ഇരുവരും ഒരേസമയം പങ്കുചേര്‍ന്നു. ചടങ്ങുകള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ബിഷപ്പിനെ സന്ദര്‍ശിച്ച് അനുഗ്രഹം തേടിയ ശേഷമാണ് മടങ്ങിയത്.

കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയിലെ ഓശാന കുര്‍ബാനയില്‍ യുഡിഎഫ് ബിജെപി സ്ഥാനാര്‍ഥികളും പങ്കെടുത്തു.യുഡിഎഫ് സ്ഥാനാര്‍ഥി റോണി കെ.ബേബിയും ബിജെപി സ്ഥാനാര്‍ഥി ജോര്‍ജ് കുര്യനും രൂപത മുന്‍ ബിഷപ് മാത്യു അറയ്ക്കലില്‍ നിന്ന് കുരുത്തോല വാങ്ങി പ്രദക്ഷിണത്തില്‍ പങ്കാളികളായി. കടുത്തുരുത്തിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി സെന്റ് മേരീസ് ഫെറോന പളളിയിലാണ് പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നത്. കഷ്ടാനുഭവ ആഴ്ചയിലെ മിക്ക ദിവസങ്ങളിലും പള്ളികള്‍ കേന്ദ്രീകരിച്ചാണ് വിശ്വാസികള്‍. വോട്ടര്‍മാരെ നേരില്‍കാണാന്‍ സ്ഥാനാര്‍ഥികള്‍ക്കും പളളികളാണ് ആശ്വാസം.

കഷ്ടാനുഭവ ആഴ്ചയിലെ വരും ദിവസങ്ങളിലും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണം ശക്തമാക്കാനാണ് സ്ഥാനാര്‍ത്ഥികളുടെ തീരുമാനം. വോട്ടര്‍മാര്‍ കൂട്ടത്തോടെ പള്ളികളിലെത്തുന്ന ഈ ദിവസങ്ങളില്‍ അവരെ നേരില്‍ കാണാനും സൗഹൃദം പുതുക്കാനും കഴിയുന്നത് പ്രചാരണത്തില്‍ വലിയ ആശ്വാസമാകുമെന്ന് സ്ഥാനാര്‍ത്ഥികള്‍ കരുതുന്നു. വിശ്വാസികള്‍ക്കൊപ്പം പ്രാര്‍ത്ഥനയിലും പ്രദക്ഷിണത്തിലും പങ്കുചേര്‍ന്ന് തങ്ങള്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടെന്ന സന്ദേശം നല്‍കാനാണ് മുന്നണികള്‍ ശ്രമിക്കുന്നത്.