- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിസന്ധികളെ അതിജീവിച്ച് കേരളത്തിന്റെ കുതിപ്പ്; കേന്ദ്രത്തിന്റേത് സാമ്പത്തിക ഞെരുക്കലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രളയവും മഹാമാരിയും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക വിവേചനവും ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ക്കിടയിലും കേരളത്തിന്റെ വികസനവും ക്ഷേമവും ഉറപ്പാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2016ല്‍ അധികാരമേല്‍ക്കുമ്പോഴുള്ള ശോചനീയമായ അവസ്ഥയെ മറികടന്ന് നാടിനെ മുന്നോട്ട് നയിക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് 68,000 കോടി രൂപയായിരുന്ന ശരാശരി പൊതുചെലവ്. ഇന്ന് അത് 1,25,000 കോടി രൂപയായി ഉയര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനാണ് ശ്രമിക്കുന്നത്. 2020-23 കാലയളവില്‍ 42,629 കോടിയായിരുന്ന കേന്ദ്ര വിഹിതം 2024-25-ല്‍ 31,630 കോടിയായി കുറഞ്ഞു. ഗ്രാന്റ്, ജി എസ് ടി ഇനത്തില്‍ പ്രതിവര്‍ഷം 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത്തരം വെല്ലുവിളികള്‍ക്കിടയിലും തനത് വരുമാനം വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കേരളത്തിന്റെ സ്വന്തം വരുമാനം രാജ്യത്തിന്റെ ശരാശരിയേക്കാള്‍ ഉയര്‍ന്നതാണെന്നും (60 ശതമാനത്തിന് മുകളില്‍) സിഎജി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളം കടക്കെണിയിലാണെന്നത് രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ജിഎസ്ഡിപി യുമായി താരതമ്യം ചെയ്യുമ്പോള്‍ കടം 24.71 ശതമാനം മാത്രമാണ്. കടമെടുക്കുന്ന തുകയുടെ ഭൂരിഭാഗവും വികസന പ്രവര്‍ത്തനങ്ങള്‍ക്കായാണ് ചെലവഴിക്കുന്നത്. കിഫ്ബി വഴി നിര്‍മ്മിച്ച അടിസ്ഥാന സൗകര്യങ്ങള്‍ കേരളത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പരമ്പരാഗത വ്യവസായ മേഖലകളായ കയര്‍, കശുവണ്ടി, കൈത്തറി എന്നിവയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പുതുജീവന്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. കശുവണ്ടി മേഖലയില്‍ അടഞ്ഞുകിടന്ന ഫാക്ടറികള്‍ തുറക്കുകയും കടബാധ്യതയുള്ള സംരംഭങ്ങള്‍ക്കായി 'വണ്‍ ടൈം സെറ്റില്‍മെന്റ്' പദ്ധതി കൊണ്ടുവരികയും ചെയ്തു. കൈത്തറി മേഖലയ്ക്കായി സൗജന്യ യൂണിഫോം പദ്ധതി നടപ്പിലാക്കി. കയര്‍ മേഖലയ്ക്കായി 1,243 കോടി രൂപയാണ് ചെലവഴിച്ചത്. ഇന്‍കം സപ്പോര്‍ട്ട് സ്‌കീമും ഫൈബര്‍ ബാങ്കും വഴി മേഖലയെ ശക്തിപ്പെടുത്തി കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുമ്പോള്‍, സ്ഥലം ഏറ്റെടുത്ത് വീട് നിര്‍മ്മിക്കുമെന്ന് പറഞ്ഞ യുഡിഎഫ് ഓഫര്‍ ചെയ്ത പണം പോലും നല്‍കിയില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നിയമസഭയിലെ സംവാദങ്ങളില്‍ നിന്നും യുഡിഎഫ് ഒളിച്ചോടുകയാണ്. പ്രതിപക്ഷത്തിന്റെ എല്ലാ നുണപ്രചാരണങ്ങളെയും വെല്ലുവിളിക്കുന്നുവെന്നും വികസന കാര്യത്തില്‍ ഏത് സംവാദത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


