തിരുവനന്തപുരം: തലസ്ഥാനത്തെ ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പുലര്‍ച്ചെ തീപിടിത്തം. ശാസ്തമംഗലം ജങ്ഷന് സമീപമുള്ള അക്ഷയ ടവേഴ്‌സ് എന്ന മൂന്നു നില കെട്ടിടത്തിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന 'കണ്ണാട്ട് ഫിന്‍ഗോള്‍ഡ്' എന്ന സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് വലിയൊരു അപകടം ഒഴിവാക്കിയത്.

സ്ഥാപനത്തിനുള്ളിലെ ഇന്‍വെര്‍ട്ടറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ പുക പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാര്‍ ഉടന്‍ തന്നെ പോലീസിനെയും അഗ്‌നിശമനസേനയെയും വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സംഘം പകുതിയോളം കത്തിയ നിലയിലായിരുന്ന സ്ഥാപനത്തിലെ തീ നിയന്ത്രണവിധേയമാക്കി.

ഏകദേശം അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നിശമനസേനയ്ക്ക് തീ പൂര്‍ണ്ണമായും അണയ്ക്കാന്‍ സാധിച്ചത്. പുലര്‍ച്ചെയായതിനാല്‍ കെട്ടിടത്തിനുള്ളില്‍ ജീവനക്കാര്‍ ആരും ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. സംഭവത്തില്‍ സ്ഥാപനത്തിലെ ചില ഫര്‍ണിച്ചറുകള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് കാരണമെന്ന് സംശയിക്കുന്നുണ്ടെങ്കിലും തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്.