തിരുവനന്തപുരം: നടന്‍ സലിം കുമാറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മനോവൈകല്യമുള്ളവരെ ആക്ഷേപിച്ച് പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ദ് നാഷണല്‍ പ്ലാറ്റ്‌ഫോം ഫോര്‍ ദ റൈറ്റ്‌സ് ഓഫ് ദ് ഡിസേബിള്‍ഡ് എന്ന സംഘടന പരാതി നല്‍കിയിരിക്കുന്നത്. സലിംകുമാറിനെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിലക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. കേരളത്തില്‍ വികസനമുണ്ടെന്ന് പറയുന്നവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയക്കണമെന്ന സലിം കുമാറിന്റെ പരാമര്‍ശം മാനസിക വെല്ലുവിളി നേരിടുന്നവരുടെ അന്തസ്സിനെ ഹനിക്കുന്നതാണെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

സലിം കുമാറിന്റെ പ്രസ്താവന ഇങ്ങനെ

''അഞ്ചാറ് മാസം മുന്‍പ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടു. അതില്‍ പറയുന്നത്, -അദ്ദേഹത്തിന്റെ ബന്ധുവാണോ സുഹൃത്താണോ എന്ന് ഞാന്‍ മറന്നുപോയി- സുഹൃത്തിന്റെ മകന്‍ അമേരിക്കയില്‍ നിന്ന് വന്നു. അമേരിക്കയില്‍ നിന്ന് വന്നിട്ട് പറഞ്ഞു. കേരളം കണ്ടിട്ട് ആ പയ്യന്‍ പറഞ്ഞു, കേരളം ഇതെന്തൊരു മാറ്റമാണ്? അമേരിക്ക പോലും തോറ്റുപോകും എന്ന് പറഞ്ഞെന്ന്. അപ്പോള്‍ എനിക്ക് സംശയമായി, ഈ പയ്യന്‍ ആരായിരിക്കും? എവിടെ ഉണ്ടാകും ഈ പയ്യന്‍? അങ്ങനെ ഞാനാ പയ്യനെ അന്വേഷിച്ചു, എനിക്കാ പയ്യനെ കാണാന്‍ പറ്റി. നമ്മടെ ഊളംപാറയിലുള്ള മാനസിക ആശുപത്രിയിലായിരുന്നു. കാരണം, ഞാന്‍ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടുകിടത്തിയത്? സലീമിന് അറിയാമല്ലോ, രണ്ട് മൂന്ന് പ്രാവശ്യം സലീം അമേരിക്കയ്ക്ക് വന്നതല്ലേ? ഈ കേരളം കണ്ടിട്ട് അമേരിക്കയാന്ന് പറയാന്‍, അപ്പോത്തന്നെ അവന് കുഴപ്പമുണ്ടെന്ന് മനസിലായി. അതിന്റെ പേരിലാ ഞാന്‍ ഇവിടെ ഇവിടെ അഡ്മിറ്റാക്കിയത്.'' വിഡി സതീശന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു നടന്‍ സലിം കുമാര്‍ ഈ പ്രസ്താവന നടത്തിയത്.