കൊച്ചി: ആലുവയില്‍ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ബസ് സ്റ്റോപ്പും കടയും തകര്‍ത്ത് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷം ദേശീയ പാതയിലാണ് അപകടമുണ്ടായത്. ഇതരസംസ്ഥാനത്ത് നിന്നെത്തിയ ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തില്‍ പെട്ടത്. ബസ്റ്റോപ്പും അതിന് തൊട്ടടുത്തുണ്ടായിരുന്ന കടയും തകര്‍ത്താണ് ലോറി പാഞ്ഞുകയറിയത്. ബസ് സ്റ്റോപ്പിന്റെ കോണ്‍ക്രീറ്റ് ലോറിയിലേക്ക് പതിച്ച് ലോറിക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസ് സ്റ്റോപ്പില്‍ നിന്നവര്‍ക്കാണോ അതോ ബൈക്കിലിരുന്നവര്‍ക്ക് ആണോ പരിക്കേറ്റതെന്ന കാര്യത്തില്‍ വ്യക്തതയില്ല.