പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് കോടതിയില്‍. മണ്ണാര്‍ക്കാട് എസ് സി-എസ് റ്റി പ്രത്യേക കോടതിയെയാണ് മുന്‍കൂര്‍ ജാമ്യം തേടി പ്രശോഭ് സമീപിച്ചത്. പാലക്കാട്ടെ അഭിഭാഷകന്‍ മുഖേനയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നിരപരാധിയാണെന്നും കള്ളക്കേസാണെന്നും ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം.

തനിക്കെതിരെ നടന്നതത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയെന്നും ഡിജിറ്റല്‍ തെളിവുകള്‍ വ്യാജമായി നിര്‍മ്മിച്ചതെന്നും പ്രശോഭ്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പ്രശോഭ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. ജാമ്യാപേക്ഷ ശനിയാഴ്ച മണ്ണാര്‍ക്കാട് എസ്‌സി എസ്റ്റി പ്രത്യേക കോടതി പരിഗണിക്കും. ദളിത് യുവതിയുടെ പരാതിയെ തുടര്‍ന്ന് പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് പ്രശോഭിനെതിരെ കേസെടുത്തത്. പിന്നാലെ ഒളിവില്‍ പോയ പ്രശോഭിനായി പോലീസ് അന്വേഷണം തുടരുകയാണ്.